തിരുവനന്തപുരം: രാജി ആവശ്യത്തില്‍ ഉറച്ച് യു.ഡി.എഫ്. ധനമന്ത്രി കെ.എം മാണിയ്ക്ക് സ്വമേധയാ രാജി വെയ്ക്കാന്‍ യു.ഡി.എഫ് ഒരു ദിവസത്തെ സമയം അനുവദിച്ചു. രാജി വെച്ചില്ലെങ്കില്‍ നാളെ രാജി ആവശ്യപ്പെടാനും യു.ഡി.എഫ് തീരുമാനിച്ചു. യു.ഡി.എഫ് ഇക്കാര്യം മാണിയെ അറിയിച്ചു.
ഹൈക്കോടതി വിധിയില്‍ മാണിയ്‌ക്കെതിരായ പരാമര്‍ശം ഇല്ലെന്ന കേരളാ കോണ്‍ഗ്രസ് വാദവും യു.ഡി.എഫ് തള്ളി. ബാര്‍ക്കോഴ കേസില്‍ ഹൈക്കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ മാണി രാജി വെയ്ക്കണമെന്നാണ് യു.ഡി.എഫ് ഘടക കക്ഷികളുടെ നിലപാട്. ഉഭയകക്ഷി ചര്‍ച്ചയില്‍ ഈ തീരുമാനം യു.ഡി.എഫിനെ അറിയിക്കുകയായിരുന്നു. അതേ സമയം രാജി വെയ്ക്കില്ലെന്ന നിലപാടിലാണ് മാണി.
സര്‍ക്കാര്‍ വീണാലും രാജി വേണമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞത്. എന്നാല്‍ മാണി രാജി വെച്ചാല്‍ യു.ഡി.എഫിനുള്ള പിന്തുണ പിന്‍വലിക്കുമെന്നാണ് കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാട്.
ബാര്‍ കോഴക്കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനം കൂടി വന്ന സാഹചര്യത്തില്‍ ഇനി രാജിവയ്ക്കാതെ മറ്റു മാര്‍ഗമില്ലെന്ന് കോണ്‍ഗ്രസ് ധനമന്ത്രി കെ.എം.മാണിയെ അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരാണ് പാര്‍ട്ടി നിലപാട് മാണിയെ അറിയിച്ചത്.
എന്നാല്‍, രാജി വയ്ക്കാന്‍ തയ്യാറല്ലെന്ന നിലപാട് മാണി ആവര്‍ത്തിച്ചു. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ രാജിയില്ലെന്നുമാണ് മാണിയുടെ നിലപാട്.
അതേസമയം, മാണി രാജി വയ്ക്കണമെന്നാണ് ഘടകക്ഷികളുടെ ആവശ്യം. സര്‍ക്കാര്‍ താഴെ വീണാലും മാണിയുടെ രാജി വാങ്ങിച്ച് മുഖം രക്ഷിക്കണം എന്ന അഭിപ്രായമാണ് ഘടകക്ഷികള്‍ അറിയിച്ചത്. കഴിഞ്ഞ ദിവസം മൃദുസമീപനം സ്വീകരിച്ച മുസ്‌ളീംലീഗ് നിലപാട് മാറ്റുകയായിരുന്നു. മാണി നേരത്തെ രാജി വയ്‌ക്കേണ്ടിയിരുന്നു എന്നാണ് ആര്‍.എസ്.പി അഭിപ്രായപ്പെട്ടത്.
ഇതേസമയം, രാജി വയ്ക്കുമോയെന്ന കാര്യം കാത്തിരുന്ന് കാണാമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ക്‌ളിഫ്ഹൗസില്‍ ചര്‍ച്ചയ്ക്കു നടത്തിയ ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Discussion about this post