എറണാകുളം : ലൈഫ് മിഷൻ പദ്ധതിയുടെ പേരിൽ കോഴ വാങ്ങിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യ ഹർജിയെ എതിർത്ത് ഇഡി. കള്ളപ്പണമിടപാട് സ്‌പോൺസേർഡ് തീവ്രവാദമാണെന്നാണ് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ശിവശങ്കറാണ് ഇതിന്റെ സൂത്രധാരനെന്നും ഇഡിയ്ക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.
ലോക്കറിൽ നിന്ന് കിട്ടിയ പണം ശിവശങ്കറിൻറേതാണെന്ന് ഇഡി കോടതിയെ അറിയിച്ചു.
ചാർട്ടേഡ് അക്കൗണ്ടൻറ് വേണുഗോപാലിൽ നിന്നും സ്വപ്ന സുരേഷിൽ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാടിലൂടെ സ്‌പോൺസേർഡ് തീവ്രവാദത്തിനാണ് ശിവശങ്കറും മറ്റ് പ്രതികളും ശ്രമിച്ചത്. ശിവശങ്കറാണ് ഇതിന്റെ മുഖ്യ സൂത്രധാരൻ.
ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഇനിയും ലഭിക്കാനുണ്ട്. അറസ്റ്റിലായപ്പോഴും ആരോഗ്യപ്രശ്‌നങ്ങൾ പറഞ്ഞാണ് ഇതിന് മുൻപ് ശിവശങ്കർ ജാമ്യം നേടിയത്. ഇതിന് തൊട്ട് പിന്നാലെ ശിവശങ്കർ ജോലിയിൽ പ്രവേശിച്ചു. അതുകൊണ്ടുതന്നെ ആരോഗ്യപ്രശ്‌നങ്ങളുടെ പേരിൽ ജാമ്യം നൽകണമെന്ന വാദം നിലനിൽക്കില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.
അതേസമയം ഒരേ സംഭവത്തിൽ എങ്ങനെയാണ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യാൻ കഴിയുക എന്ന കാര്യത്തിൽ കോടതി സംശയം പ്രകടിപ്പിച്ചു. സ്വപ്നയുടെ ലോക്കറിൽ നിന്ന് കിട്ടിയ പണവുമായി ബന്ധപ്പെടുത്തി നേരത്തെ ശിവശങ്കറിനെതിരെ കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതേ കേസിൽ എങ്ങനെയാണ് വീണ്ടും കേസ് എടുത്ത് അറസ്റ്റ് ചെയ്യാൻ കഴിയുക എന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതിന് സ്വർണക്കള്ളക്കടത്തിലെ പണമിടപാട് അന്വേഷിച്ചപ്പോഴാണ് ലെഫ് മിഷൻ അഴിമതി ബോധ്യപ്പെട്ടതെന്ന് ഇഡി മറുപടി നൽകി.
ലൈഫ് മിഷൻ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയാണ് നിലവിൽ ശിവശങ്കർ. നേരത്തെ ജാമ്യം ആവശ്യപ്പെട്ട് ശിവശങ്കർ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി നിരസിക്കുകയായിരുന്നു. ഇതോടെയാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്.
ശിവശങ്കറിൻറെ അഭിഭാഷകൻറെ സൗകര്യം പരിഗണിച്ച് കേസിന്റെ തുടർവാദം കോടതി നാളേയ്ക്ക് മാറ്റിയിട്ടുണ്ട്.












