ന്യൂഡൽഹി: രാജ്യത്തെ 18 ഫാർമ കമ്പനികളുടെ ലൈസൻസ് റദ്ദാക്കി കേന്ദ്രസർക്കാർ. 20 സംസ്ഥാനങ്ങളിലായി 76 കമ്പനികളിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നീക്കം. ഈ കമ്പനികൾ ഗുണനിലവാരമില്ലാത്ത മരുന്നുകൾ ഉത്പാദിപ്പിച്ചതായി പരിശോധനയിൽ കണ്ടെത്തി. ഇന്ത്യയിൽ നിർമ്മിച്ച ശേഷം വ്യാജ മരുന്നുകൾ വിദേശത്ത് വ്യാപകമായി വിറ്റഴിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തുടർന്നാണ് രാജ്യത്തുടനീളം വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചത്.
കേന്ദ്ര-സംസ്ഥാന സംഘങ്ങൾ സംയുക്തമായാണ് പരിശോധനയിൽ പങ്കെടുത്തത്. 15 ദിവസത്തോളമായി പരിശോധന തുടർന്ന് വരികയായിരുന്നു. ഉസ്‌ബെക്കിസ്ഥാനിൽ ചുമ മരുന്ന് കഴിച്ചതിന് പിന്നാലെ രണ്ട് കുട്ടികൾ മരിച്ച സംഭവത്തിന് ശേഷം ഈ മരുന്നുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഉസ്‌ബെക്കിസ്ഥാനിലെ ലാബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ മരുന്നുകളിൽ വലിയ തോതിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും, എഥിലീൻ ഗ്ലൈക്കോളും അടങ്ങിയതായി കണ്ടെത്തിയിരുന്നു.
തമിഴ്‌നാട് ആസ്ഥാനമായുള്ള ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ ഉത്പാദിപ്പിച്ച കണ്ണിലൊഴിക്കുന്ന മരുന്നും തിരിച്ച് വിളിച്ചിരുന്നു. മരുന്നിൽ അടങ്ങിയ ബാക്ടീരിയ കാഴ്ച നഷ്ടപ്പെടാൻ കാരണമാകുമെന്ന റിപ്പോർട്ടിന് പിന്നാലെയായിരുന്നു നടപടി. അതേപോലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിക്കുന്ന നാല് കഫ് സിറപ്പ് സാമ്പിളുകളിൽ വിഷാംശമുള്ള എഥിലീൻ ഗ്ലൈക്കോളും ഡൈഎത്തിലീൻ ഗ്ലൈക്കോളും ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ കേന്ദ്രസർക്കാർ ഈ വിഷയം പാർലമെന്റിനെ അറിയിക്കുകയും ചെയ്തിരുന്നു.











