ന്യൂഡൽഹി: 2019 ഡിസംബർ 13ന് ജാമിയയിൽ ഷർജീൽ ഇമാം നടത്തിയ പ്രസംഗം പ്രകോപനപരമായിരുന്നുവെന്ന് ഡൽഹി ഹൈക്കോടതി. ഷർജീൽ അക്രമത്തിന് ആഹ്വാനം നൽകുകയും അക്രമങ്ങളിൽ പങ്കാളിയാകുകയും ചെയ്തതായും കോടതി കണ്ടെത്തി. ഷർജീലിനെയും കൂട്ടാളികളെയും വിട്ടയക്കാനുള്ള വിചാരണ കോടതിയുടെ ഉത്തരവ് കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
അക്രമങ്ങളിലെ തന്റെ പങ്കാളിത്തം വ്യക്തമാക്കുന്നതായിരുന്നു ഷർജീൽ ഇമാം 2020 ജനുവരി 16ന് അലിഗഢ് മുസ്ലീം സർവകലാശാലയിൽ നടത്തിയ പ്രസംഗം. അക്രമങ്ങൾക്ക് മുന്നോടിയായി ഷർജീൽ ലഘുലേഖകൾ വിതരണം ചെയ്തു. അക്രമങ്ങൾക്ക് ഊർജ്ജം പകരുന്ന പ്രവൃത്തികളിൽ നിരന്തരം ഏർപ്പെട്ടു. പ്രസംഗങ്ങളിൽ സർവനാശം എന്ന വാക്ക് ആവർത്തിച്ച് ഉപയോഗിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി.
മർദ്ദനമേൽക്കാൻ തയ്യാറാകണമെന്ന് ഷർജീൽ ആൾക്കൂട്ടത്തോട് ആവശ്യപ്പെട്ടു. അക്രമങ്ങൾക്ക് ആളുകളെ സംഘടിപ്പിക്കാൻ രണ്ടാഴ്ചയോളം തുടർച്ചയായി പരിശ്രമിച്ചു. ജുമാ നമസ്കാരത്തിന് എത്തുന്ന ആളുകളെ സംഘം ചേരാൻ പ്രേരിപ്പിച്ചു. അക്രമ സംഭവങ്ങൾക്കായി ഇത്തരത്തിൽ നാലായിരത്തോളം പേരെ അണിനിരത്താൻ ഷർജീൽ ഇമാമിന് സാധിച്ചുവെന്നും കോടതി വ്യക്തമാക്കി.
നിയമവിരുദ്ധമായി സംഘം ചേർന്നവരുടെ കൂട്ടത്തിൽ പ്രധാനിയായിരുന്നു ഷർജീൽ. ഇയാൾക്ക് പൊതുവായ ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നുവെന്ന് ബോദ്ധ്യപ്പെടുത്തുന്നതായിരുന്നു അക്കാലത്തെ പ്രവർത്തനങ്ങളെന്നും ജസ്റ്റിസ് സ്വർണകാന്ത് ശർമ്മ അദ്ധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ജാമിയ കലാപത്തിന്റെ മൂന്നാം വാർഷികമായിരുന്ന കഴിഞ്ഞ ഡിസംബർ 13ന് സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ആസിഫ് ഇക്ബാൽ താന തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത് ഡൽഹി ഹൈക്കോടതി പരിശോധിച്ചു. കൂട്ടാളികൾക്കൊപ്പം ബദർപൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് താൻ പിടിയിലായതെന്ന് അയാൾ തന്നെ സമ്മതിക്കുന്നു. പാർലമെന്റിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തന്നെ പോലീസ് പിടികൂടിയതെന്ന് താന തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ ചിത്രങ്ങൾ സഹിതം വ്യക്തമാക്കിയിട്ടുള്ളതാണെന്നും കോടതി കണ്ടെത്തി. സംഭവ ദിവസത്തെ അന്യായമായ സംഘം ചേരലിലെ തന്റെ പങ്കാളിത്തം താന സമ്മതിച്ചിട്ടുള്ളതാണെന്നും കോടതി പറഞ്ഞു.
കലാപകാരികൾക്കൊപ്പം സഫൂറ സർഗാറിന്റെ സാന്നിദ്ധ്യത്തിനും തെളിവുണ്ട്. മുഖം മറച്ച് അക്രമങ്ങളിൽ പങ്കെടുത്ത സഫൂറയെ, വീഡിയോ ദൃശ്യങ്ങളിൽ നിന്നും ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
Discussion about this post