രാമസേതു ഉൾപ്പടെ ചരിത്രപ്രധാന്യമുള്ള പൗരാണിക ഇടങ്ങൾ കണ്ടുപിടിക്കാൻ ചരിത്ര ഗവേഷണ കൗൺസിലിനെ ഇസ്രോ സഹായിക്കും. കാലങ്ങളായി ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലെ വിവാദവിഷയമായ രാമസേതുവും മറ്റ് പൗരാണിക കേന്ദ്രങ്ങളും കണ്ടെത്താനും പൗരാണിക വിജ്ഞാന വ്യവസ്ഥ സ്ഥാപിക്കാനും ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന് വേണ്ട സഹായങ്ങൾ ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ ഒരുങ്ങുകയാണ് ഇസ്രോ.
ഹിന്ദു പുരാണങ്ങളിൽ പരാമർശിക്കുന്ന പുണ്യസ്ഥങ്ങൾ കണ്ടുപിടിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ഉദ്യമത്തിന് ഊർജ്ജം പകരുന്ന ചില കണ്ടെത്തലുകൾ ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. അതിലൊന്നാണ് സരസ്വതി നദി വെറും സങ്കൽപ്പമല്ല, യഥാർത്ഥത്തിലുള്ള ഒരു നദിയായിരുന്നുവെന്ന കണ്ടെത്തൽ. ഉയർന്ന റെസല്യൂഷൻ ഉള്ള സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ പുരാണങ്ങളിൽ പറയുന്ന സരസ്വതി നദി ഒഴുകിയിരുന്ന പാത കണ്ടെത്താൻ കഴിഞ്ഞതായി ഇസ്രോ മേധാവി എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു. സാറ്റലൈറ്റ് ചിത്രങ്ങളിലൂടെ രാമസേതുവും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇസ്രോ. ലങ്കേശ്വരനായ രാവണനിൽ നിന്നും സീതയെ വീണ്ടെടുക്കാൻ കടൽ കടന്ന് ലങ്കയിലേക്ക് പോകാൻ വാനരപ്പടയുടെ സഹായത്താൽ ശ്രീരാമൻ സൃഷ്ടിച്ചതാണ് രാമസേതു എന്നാണ് പുരാണങ്ങൾ പറയുന്നത്. അതിനാൽത്തന്നെ ഭാരതത്തെ സംബന്ധിച്ചെടുത്തോളം രാമസേതു ചരിത്രപ്രധാന്യവും സാംസ്കാരിക പ്രാധാന്യവുമുള്ള ഇടമാണ്.
രാമസേതു കണ്ടുപിടിക്കാൻ കഴിയുമെങ്കിലും ഇത് മനുഷ്യനിർമ്മിതമാണോ അതോ പ്രകൃതിയിൽ നേരത്തേ ഉണ്ടായിരുന്നതാണോ എന്ന് കണ്ടെത്തണമെങ്കിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പോലുള്ള ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള വിദഗ്ധരുടെ സേവനം ആവശ്യമായി വരുമെന്ന് സോമനാഥ് പറഞ്ഞു. സൂര്യനാണ് സൗരയൂഥത്തിന്റെ കേന്ദ്രമെന്നും ബാക്കി ഗ്രഹങ്ങൾ സൂര്യനെ ചുറ്റുകയാണെന്നുമുള്ളത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ ഭാരതീയർക്ക് അറിയാമായിരുന്നുവെന്നും ഇസ്രോ മേധാവി പറയുന്നു. പിന്നീട് ഭാരതത്തിൽ നിന്നും അറബികളായ സഞ്ചാരികൾ ഈ അറിവ് യൂറോപ്പിലേക്ക് എത്തിച്ചുവെന്നും വ്യാവസായിക വിപ്ലവകാലത്ത് ഐൻസ്റ്റൈനെയും ന്യൂട്ടണെയും പോലുള്ളവർ ഇക്കാര്യത്തെ കുറിച്ച് കൂടുതൽ പഠിച്ച് അറിവ് വികസിപ്പിക്കുകയായിരുന്നുവെന്നും സോമനാഥ് പറഞ്ഞു. ഭാരതീയർക്ക് അന്ന് തങ്ങളുടെ അറിവ് കൂടുതൽ വികസിപ്പിക്കാനോ അതിനെ കുറിച്ച് കൂടുതൽ പഠിക്കാനോ സാധിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post