ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഈ രാജ്യം ഭരിക്കുന്നത് തന്റെ ജന്മാവകാശമാണെന്നാണ് രാഹുൽ ഗാന്ധിയുടെ വിചാരമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. ” അവകാശ രാഷ്ട്രീയത്തെക്കുറിച്ചാണ് രാഹുൽ എപ്പോഴും പറയുന്നത്. ഒരു പ്രത്യേക കുടുംബത്തിൽ ജനിച്ചതിനാൽ ഭരണഘടനയ്ക്കും കോടതിക്കും പാർലമെന്റിനും മുകളിലാണ് താനെന്നാണ് രാഹുലിന്റെ വിശ്വാസം. ഇന്ത്യൻ ഭരണഘടനയുടേയും മുകളിലാണ് തന്റെ സ്ഥാനമെന്നാണ് അയാൾ വിശ്വസിക്കുന്നത്.
അഹങ്കാരത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. ഈ രാജ്യം ഭരിക്കുന്നത് തന്റെ ജന്മാവകാശമാണെന്നാണ് രാഹുൽ കരുതുന്നത്. കോടതി വിധി വന്നതിന് ശേഷവും മാപ്പ് പറയാൻ രാഹുൽ വിസമ്മതിച്ചു. തനിക്കെതിരെ ഒരു കോടതിക്കും വിധി പറയാൻ കഴിയില്ലെന്നാണ് രാഹുലിന്റെ വിചാരം. രാഹുൽ ഗാന്ധി ഒബിസി സമുദായത്തെ ആകെയാണ് അപമാനിച്ചത്. രാഹുൽ പറഞ്ഞത് തെറ്റാണെന്ന് കോടതി തന്നെ നേരിട്ട് വ്യക്തമാക്കിയതാണ്.
യുപിഎ സർക്കാരിന്റെ കാലത്ത് രാജ്യത്തെ സ്ഥാപനങ്ങളെ തകർക്കാൻ ഗൂഢാലോചന നടത്തിയവരാണ് ഇപ്പോൾ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നത്. എല്ലാ അഴിമതിക്കാരും അതിന് വേണ്ടിയാണ് ഒരുമിച്ച് ഒരു വേദിയിൽ ഒത്തു കൂടിയത്. ജനങ്ങൾക്ക് നൽകേണ്ട എല്ലാ കാര്യങ്ങളും അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രധാനമന്ത്രി നേരിട്ട് എത്തിക്കുന്നുണ്ട്. പ്രതിപക്ഷത്തിന് ഇത് സ്വീകാര്യമല്ല, അഴിമതിയുടെ നാളുകളിലേക്ക് തിരിച്ചുപോകാനാണ് അവർ ആഗ്രഹിക്കുന്നതെന്നും” അശ്വിനി വൈഷ്ണവ് വിമർശിച്ചു.
Discussion about this post