ഭോപ്പാൽ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. രാഹുലിന് രാജ്യത്തെക്കുറിച്ചോ നിയമങ്ങളെക്കുറിച്ചോ യാതൊരു അറിവും ഇല്ലെന്നും, കോൺഗ്രസ് പാർട്ടിയുടെ ‘രാഹു’വാണ് രാഹുലെന്നും അദ്ദേഹം വിമർശിച്ചു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ” രാജ്യത്തെക്കുറിച്ചോ നിയമങ്ങളെ കുറിച്ചോ അറിവില്ലാത്ത ഒരു നേതാവാണ് രാഹുൽ ഗാന്ധി. രാജ്യം പ്രവർത്തിക്കുന്നത് ഭരണഘടനയിലൂന്നിയാണ്.
കോൺഗ്രസാണ് രാജ്യത്തിന്റെ പ്രശ്നം. പക്ഷേ കോൺഗ്രസിന്റെ പ്രശ്നം രാഹുൽ ഗാന്ധിയാണ്. രാജ്യത്തെ എല്ലാ ജനങ്ങൾക്കും ഇതറിയാം. കോൺഗ്രസ്സിന്റെ ‘രാഹു’ ആണ് അദ്ദേഹം. കോൺഗ്രസിനിപ്പോൾ രാഹുകാലമാണ്. നെഹ്‌റു കുടുംബത്തിലെ അടിമകളായ നേതാക്കൾ രാഹുലിനെ ദേശീയ നേതാവാക്കാൻ തീരുമാനിച്ചു. പക്ഷേ രാഹുൽ വൻ പരാജയമാണ്, അങ്ങേയറ്റം അഹങ്കാരവുമുള്ള ആളാണ് രാഹുൽ.
അഹങ്കാരം മൂത്താണ് രാഹുൽ ഗാന്ധി പിന്നാക്ക ജാതിയിൽ പെട്ടവരെ അപമാനിക്കുന്നത്. പിന്നാക്ക വിഭാഗത്തിൽപെട്ടവർ തന്നെ വെല്ലുവിളിക്കാൻ വരില്ലെന്ന് രാഹുലിന് അറിയാം. അതുകൊണ്ട് തന്നെയാണ് അയാൾ അധിക്ഷേപം തുടരുന്നത്. ഇത് അഹങ്കാരമല്ലെങ്കിൽ പിന്നെ എന്താണ്. ആരോടും മാപ്പ് പറയില്ലെന്നും രാഹുൽ പറയുന്നു. പക്ഷേ പിന്നാക്ക വിഭാഗത്തിൽ പെട്ടവർ പറയുന്നത് കോൺഗ്രസിനോ രാഹുലിനോ ഒരിക്കലും മാപ്പ് നൽകില്ലെന്നാണ്.
കോടതിയാണ് രാഹുലിന് ശിക്ഷ വിധിച്ചത്. ജനാധിപത്യത്തിന്റെ കൊലപാതകം എന്നാണ് കോൺഗ്രസുകാർ കോടതി വിധിയെ പറയുന്നത്. നെഹ്‌റു കുടുംബത്തിന് പ്രത്യേകമായി നിയമം വേണമെന്നാണ് കോൺഗ്രസുകാർ പറയുന്നത്. ഒബിസി വിഭാഗത്തെ അപമാനിച്ച രാഹുലിന്റെ പ്രസ്താവനയെ കോൺഗ്രസുകാർ സംരക്ഷിക്കുന്നത് എന്തിനാണെന്ന് തുറന്ന് പറയണമെന്നും” ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.









