ഭോപ്പാൽ; ഒമ്പത് വർഷത്തിന് ശേഷം സ്വന്തം മതത്തിലേക്ക് തിരിച്ചെത്തി മദ്ധ്യപ്രദേശിലെ കുടുംബം. ഇന്നലെ ഝബുവ ജില്ലയിലെ ശിവക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഒരു കുടുംബത്തിലെ എട്ട് പേരാണ് ഹിന്ദു ധർമ്മം വായിച്ച് ഘർവാപ്‌സിയിലൂടെ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയത്. ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിയ എല്ലാവരെയും വിശ്വഹിന്ദു പരിഷത്ത് ഭാരവാഹികൾ സ്വാഗതം ചെയ്തു.
ഒമ്പത് വർഷം മുൻപ് കുടുംബാംഗങ്ങളിൽ ചിലർക്ക് അപൂർവ്വ രോഗം ബാധിച്ചതിനെ തുടർന്ന് ക്രിസ്ത്യൻ മിഷനറിമാരുമായി അടുത്ത ബന്ധമുള്ളയാൾ ഇവരെ സഹായിക്കാമെന്നേറ്റു. മെച്ചപ്പെട്ട ചികിത്സയ്ക്കായി ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് ക്രിസ്തുമതം സ്വീകരിച്ചു. എന്നാൽ ഹിന്ദുമതത്തിൽ നിന്ന് മാറിയതോടെ നിരന്തരം തങ്ങൾ തെറ്റ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന തോന്നൽ കുടുംബത്തിന് ഉണ്ടായി. തുടർന്ന് ധൈര്യപൂർവ്വം ഹിന്ദുമതത്തിലേക്ക് തിരിച്ചെത്താനുള്ള നടപടികൾ സ്വീകരിക്കുകയായിരുന്നുവെന്ന് ഗൃഹനാഥനായ കൈലാഷ് പറയുന്നു.
ഹിന്ദുമതത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിച്ചതോടെ കുടുംബം പ്രദേശത്തെ വിഎച്ച്പി ഭാരവാഹികളെ സമീപിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെ ക്ഷേത്രത്തിൽ ചടങ്ങ് സംഘടിപ്പിക്കുകയും സ്വന്തം മതത്തിലേക്ക് തിരിച്ചെത്തുകയുമായിരുന്നു.








