തിരുവനന്തപുരം: പെട്രോളിനും ഡീസലിനും സർക്കാർ അധിക സെസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് ഇടത് കൺവീനർ ഇ.പി ജയരാജൻ. രാജ്യത്തിന്റെ സാമ്പത്തിക ശേഷി ഉയർത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇ.പി ജയരാജൻ.
അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കായുള്ള സർക്കാർ ഫണ്ടിലേക്കാണ് അധികമായി ഏർപ്പെടുത്തിയിട്ടുള്ള നികുതി പോകുക. അവശരായ 62 ലക്ഷം പേർക്ക് 1600 രൂപ വീതം നൽകുന്ന ഫണ്ടിലേക്കാണ് പണം പോകുന്നത്. ഇതൊന്നും കോൺഗ്രസിന് അറിയില്ല. രാജ്യത്തെക്കുറിച്ചോ, ജനങ്ങളെക്കുറിച്ചോ അറിയില്ല. രണ്ട് രൂപയാണ് സർക്കാർ സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ രണ്ട് രൂപയ്ക്ക് വേണ്ടി കടിപിടി കൂടുന്നവർ കേന്ദ്രം പെട്രോൾ വില കൂട്ടുമ്പോൾ മൗനം പാലിക്കുകയാണെന്നും ജയരാജൻ കുറ്റപ്പെടുത്തി.
രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റിലായിരുന്നു സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ജനങ്ങൾക്ക് ഇരുട്ടടിയായിട്ടുള്ള പ്രഖ്യാപനം. ഇത് ശനിയാഴ്ച മുതൽ നിലവിൽ വരുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് വില 108 രൂപയായി ഉയർന്നു.
Discussion about this post