മലപ്പുറം: കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എസ്.എഫ്.ഐ പ്രവത്തകർ കായിക വിദ്യാർത്ഥികൾക്ക് നേരെ നടത്തിയ ഗുണ്ടായിസത്തിനും ആക്രമണങ്ങൾക്കും കൂട്ടുനിൽക്കുന്ന വൈസ് ചാൻസിലറുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി യദു കൃഷ്ണൻ. എസ്.എഫ്.ഐ ക്ക് വിധേയരായി നിൽക്കുന്നില്ല എന്ന ഒറ്റകാരണം മുൻനിർത്തി സർവകലാശാല ക്യാമ്പസിൽ കായിക വിദ്യാർത്ഥികൾക്കെതിരെ ഏകപക്ഷിയമായി അക്രമ പരമ്പര തന്നെ സൃഷ്ടിക്കുകയാണ് എസ്.എഫ്.ഐ. യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ അടക്കം മറ്റ് യൂണിയൻ ഭാരവാഹികളുടെയും നേതൃത്ത്വത്തിലാണ് ഈ ആക്രമണം നടക്കുന്നത് എന്നത് ദൗർഭാഗ്യകരമാണ്. കാന്റീനിലും ലൈബ്രറിയിലും ഹോസ്റ്റലിലും മാത്രമല്ല കായിക വിദ്യാർത്ഥികളെ വഴിനടക്കാൻ പോലും അനുവദിക്കാതെയാണ് ഈ അക്രമമെന്നും യദു കൃഷ്ണൻ പ്രതികരിച്ചു.
ബുധനാഴ്ച്ച എസ്.എഫ്.ഐ പ്രവർത്തകർ കായിക വിദ്യാർത്ഥികളെ ഫിസിക്കൽ എഡ്യൂക്കേഷൻ ജിമ്മിലും ട്രാപ്പിലും അക്രമിക്കുകയും നിരവധി വിദ്യാർത്ഥികളെ പരികേൽപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മെൻസ് ഹോസ്റ്റലിലും എസ്.എഫ്.ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നും പ്രകോപനമുണ്ടായത് സംഘർഷത്തിൽ കലാശിച്ചു. എന്നാൽ ഇതിലൊന്നും എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതെ 14 കായിക വിദ്യാർത്ഥികളെ മാത്രം ഏകപക്ഷീയമായി സസ്‌പെന്റ് ചെയ്തിരിക്കുകയാണ് വിസി.
കായിക വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ നടപടി എടുക്കാതെ നാല് വിദ്യാർത്ഥികളെ ബലമായി അറസ്റ്റ് ചെയ്ത് പോലീസും ഉദ്ദോഗസ്ഥരും എസ്.എഫ്.ഐ യുടെയും സർവകലാശാലയുടെ ഈ കള്ളകളിക്ക് കൂട്ട് നിൽകുകയാണ്. ഭരണത്തിന്റെയും അധികാരത്തിന്റെയും മറപറ്റി എസ്.എഫ്.ഐ നടത്തുന്ന എന്ത് തെമ്മാടിത്തതിനും കൂട്ടുനിൽക്കുന്ന വൈസ് ചാൻസിലറുടെയും പോലീസിന്റെയും നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പ്രസ്ഥാവനയിലൂടെ വ്യക്തമാക്കി.
Discussion about this post