കോയമ്പത്തൂർ : ഗർഭിണിയായ 21 കാരിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകൻ അറസ്റ്റിൽ. കൊങ്കർപാളയം ദണ്ഡ് മാരിയമ്മൻ കോവിൽ റോഡിലെ ലോകേഷിനെ (23) ആണ് പോലീസ് അറസ്റ്റുചെയ്തത്. ഗോപിച്ചെട്ടിപ്പാളയത്താണ് സംഭവം.
ഒരേ കോളേജിൽ പഠിച്ച യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ലോകേഷ് ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. യുവതി ഗർഭിണിയായതോടെ ഉടൻ വിവാഹം നടത്താമെന്ന് ആവശ്യപ്പെട്ടെങ്കിലും ലോകേഷ് അതിന് തയ്യാറായില്ല. തുടർന്ന് ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുമെന്ന് ഭയന്ന് ഇവർ ഗർഭച്ഛിദ്രം നടത്താൻ തീരുമാനിച്ചു. ഇതിനായി ആശുപത്രിയിലെത്തിയെങ്കിലും നാല് മാസം ആയത് കാരണം ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇതോടെ ഇരുവരും ലോകേഷിന്റെ മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി.
അവിടെ വച്ച് ഭക്ഷണം വാങ്ങാൻ പോയി തിരികെ എത്തിയപ്പോൾ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് വിവരം. ഇത് പുറത്തറിഞ്ഞാൽ തന്നെ അറസ്റ്റുചെയ്യുമെന്ന് ഭയന്ന് ലോകേഷ് തന്നെയാണ് മൃതദേഹം ചാക്കിൽക്കെട്ടി ടി.എൻ. പാളയത്തെ കിണറ്റിൽ ഉപേക്ഷിച്ചത് എന്ന് ഇയാൾ പറഞ്ഞു. എന്നാൽ പോലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല.
വെള്ളിയാഴ്ച വൈകീട്ടാണ് കിണറ്റിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. അഴുകിയ മണം വന്നതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ലോകേഷിനെ ഗോപിച്ചെട്ടിപ്പാളയം കോടതിയിൽ ഹാജരാക്കിയശേഷം ജില്ലാ ജയിലിലടച്ചു.








