കോഴിക്കോട്; ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച് തീയിട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ്. കേസിലെ പ്രധാന ദൃക്‌സാക്ഷിയായ ആക്രമണത്തിൽ പരിക്കേറ്റ റാഷികിന്റെ സഹായത്തോടെയാണ് രേഖാചിത്രം തയ്യാറാക്കിയത്. മറ്റ് സാക്ഷികൾ സൂചിപ്പിച്ചത് പോലെ ചുവന്ന ഷർട്ട് ധരിച്ച് തൊപ്പി വച്ചയാളുടെ രേഖാചിത്രമാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.
വാഷ് ബേസിനടുത്ത് ഒരാൾ ഇരിക്കുന്നതായി കണ്ടു. അയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നു. മലയാളിയാണെന്ന് തോന്നില്ലെന്നായിരുന്നു റാഷിക് പറഞ്ഞത്. പ്രതി വിവിധഭാഷാ തൊഴിലാളിയെന്ന സൂചനയിലൂന്നിയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
പ്രതിയുടേതെന്ന് കരുതുന്ന ഒരു ബാഗ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ട്രാക്കിൽ നിന്നും കണ്ടെത്തിയിരുന്നു. പെട്രോൾ അടങ്ങിയ കുപ്പി, സ്ഥലപ്പേരുകളുടെ കുറിപ്പ്, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ദിനചര്യ കുറിപ്പ്, ഇയർഫോണും കവറും, രണ്ട് മൊബൈൽ ഫോണുകൾ, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്സ്, പാക്കറ്റിലുള്ള ലഘുഭക്ഷണം, പേഴ്സ്, ടീ ഷർട്ട്, തോർത്ത്, കണ്ണട, കപ്പലണ്ടി മിഠായി എന്നിവയാണ് ബാഗിൽ നിന്ന് കണ്ടെത്തിയത്. ഇവ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതിനിടെ പ്രതിയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.ചുവപ്പ് കള്ളി ഷർട്ടും കറുത്ത പാന്റ്‌സും ധരിച്ചു നിൽക്കുന്ന യുവാവ് ഫോണിൽ സംസാരിക്കുന്നതും ഒരു സ്‌കൂട്ടറിൽ കയറി പോകുന്നതുമാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്
ഇന്നലെ രാത്രി പത്തു മണിയോടെയാണ് എലത്തൂരിൽ വച്ച് ആലപ്പുഴ- കണ്ണൂർ എക്‌സ്പ്രസിൽ യാത്രക്കാരുടെ ദേഹത്തേക്കു പെട്രോൾ ഒഴിച്ചശേഷം അക്രമി തീയിട്ടത്. ഡി 1 കോച്ചിലായിരുന്നു ആക്രമണം. സംഭവത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റിരുന്നു. രണ്ട് പേരുടെ നില ഗുരുതരമാണ്. മട്ടന്നൂർ സ്വദേശി റഹ്‌മത്ത്, റഹ്‌മത്തിൻറെ സഹോദരിയുടെ മകൾ രണ്ടര വയസുകാരി സുഹറ, നൗഫീഖ് എന്നിവരുടെ മൃതദേഹങ്ങൾ രാത്രി വൈകി ട്രാക്കിൽ നിന്നും കണ്ടെത്തി. അക്രമണമുണ്ടായപ്പോൾ പരിഭ്രാന്തരായി ഇവർ ചാടിയതാകാം എന്നാണു കരുതുന്നത്.













Discussion about this post