കോച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) സാമ്പത്തിക ക്രമക്കേട് കേസിലും പണമിടപാടിലും അന്വേഷണം ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഇതിന്റെ ഭാഗമായി കോഴിക്കോട്ടെ എട്ടോളം കേന്ദ്രങ്ങളിൽ ചൊവ്വാഴ്ച ഇ.ഡി മിന്നൽ പരിശോധന നടത്തി. കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയുമായി ബന്ധപ്പെട്ട പുതിയ സാമ്പത്തിക ഇടപാടുകളുടെയും പണമിടപാടിന്റെയും തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് നടപടി.
കഴിഞ്ഞ മെയ് 27-ന് ഇ.ഡി നടത്തിയ വ്യാപക പരിശോധനകളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ റെയ്ഡ്. മെയ് മാസത്തിൽ സിഎംആർഎൽ ഡയറക്ടർമാരായ എസ്.എൻ ശശിധരൻ കർത്താ, ശരൺ എസ്. കർത്താ, ടി. വീണ, വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസ് എന്നിവരുമായി ബന്ധപ്പെട്ട 10 ഇടങ്ങളിൽ പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കണ്ണൂർ, ബെംഗളൂരു എന്നിവിടങ്ങളിലായിരുന്നു അന്ന് പരിശോധന. അന്നത്തെ പരിശോധനയിൽ വീണയിലേക്ക് എത്തുന്ന ചില പുതിയ പണമിടപാട് രേഖകൾ ഇ.ഡിക്ക് ലഭിച്ചിരുന്നു. ഈ ഇടപാടുകളിൽ ഉൾപ്പെട്ടവരെ ലക്ഷ്യമിട്ടാണ് കോഴിക്കോട്ടെ നിലവിലെ പരിശോധനകൾ.
ഐടി കൺസൾട്ടൻസി സേവനങ്ങളുടെ പേരിലാണ് സിഎംആർഎൽ വ്യാജ ചിലവുകൾ കാണിച്ച് വീണയുടെ എക്‌സാലോജിക് കമ്പനിക്ക് 2.78 കോടി രൂപ നൽകിയതെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്. യാതൊരുവിധ സേവനങ്ങളും നൽകാതെയാണ് വീണ കമ്പനിയിൽ നിന്നും പണം കൈപ്പറ്റിയതെന്നും ഏജൻസി ആരോപിക്കുന്നു. കൂടാതെ ശശിധരൻ കർത്തായുടെ ഉടമസ്ഥതയിലുള്ള എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് (EICPL) എന്ന കമ്പനി വഴി എക്‌സാലോജിക്കിന് 50 ലക്ഷം രൂപ വായ്പയായി നൽകിയെന്നും, സമയബന്ധിതമായി പണം തിരിച്ചടച്ചില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റും പിന്നീട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസും (SFIO) നടത്തിയ അന്വേഷണങ്ങളിൽ സിഎംആർഎൽ 182 കോടി രൂപയോളം വ്യാജ ചിലവുകൾ കാണിച്ച് കൈക്കൂലിയായി നൽകിയെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇ.ഡി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനോടകം തന്നെ 242 ബാങ്ക് അക്കൗണ്ടുകളിലായി കിടന്ന 18.36 കോടി രൂപ ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ഡിജിറ്റൽ തെളിവുകളും രേഖകളും വിശകലനം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.












