ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും വീടുകളിലേക്ക് മടങ്ങാൻ കഴിയാതെയും ഏറ്റെടുക്കാൻ ആരുമില്ലാതെയും ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസത്തിനായി വൻ പദ്ധതിക്ക് തുടക്കമിടാനൊരുങ്ങി സംസ്ഥാന ജയിൽ വകുപ്പ്.സാമൂഹിക നീതി വകുപ്പ്, കേരള പോലീസ്, ജയിൽ വകുപ്പ് എന്നിവ സംയുക്തമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നത്.
വർഷങ്ങളോളം ജയിൽശിക്ഷ അനുഭവിച്ച് കാലാവധി കഴിഞ്ഞിട്ടും ബന്ധുക്കളോ സമൂഹമോ സ്വീകരിക്കാൻ തയ്യാറാകാത്ത നിരവധി ആളുകളാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്നത്. 30 വർഷത്തിലേറെ ശിക്ഷ പൂർത്തിയാക്കിയിട്ടും പോകാൻ ഇടമില്ലാതെ ജയിൽ ഭിത്തികൾക്കുള്ളിൽ കഴിയേണ്ടി വരുന്ന തടവുകാർ പോലുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും ജയിൽ ഡിജിപി വെളിപ്പെടുത്തി. ഇത്തരം തടവുകാരെ സമൂഹത്തിന്റെ പ്രധാന ന്യൂക്ലിയസിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി തയാറാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കൃത്യമായ മാനദണ്ഡങ്ങളോടെ സന്നദ്ധ സംഘടനകൾക്ക് (NGOs) അക്രഡിറ്റേഷൻ നൽകുകയും, അതുവഴി ഏറ്റെടുക്കാനാളില്ലാത്ത തടവുകാരുടെ സുരക്ഷിതമായ പുനരധിവാസവും പരിചരണവും ഉറപ്പാക്കുകയും ചെയ്യും.
ഇതിനുപുറമെ, സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന 265 തടവുകാരെയും പ്രത്യേകമായി പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശിക്ഷിച്ച് ഇല്ലാതാക്കുകയല്ല, മറിച്ച് തടവുകാരെ തിരുത്തലുകളിലൂടെ നല്ല മനുഷ്യരാക്കി മാറ്റുകയാണ് ജയിലുകളുടെ പ്രാഥമിക ലക്ഷ്യമെന്നും, അതിനായുള്ള വലിയ മാറ്റങ്ങൾക്കാണ് വകുപ്പ് രൂപം നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.












