ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി നീട്ടി കോടതി. ഈ മാസം 17 വരെയാണ് കാലാവധി നീട്ടിയത്. ജുഡീഷ്യൽ കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് അദ്ദേഹത്തെ സിബിഐ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു.
സിബിഐയുടെ ആവശ്യപ്രകാരമാണ് മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി നൽകിയത്. അഴിമതി കേസുമായി ബന്ധപ്പെട്ട അന്വേഷണം നിർണായക ഘട്ടത്തിൽ ആണെന്നും അതിനാൽ അദ്ദേഹത്തിന്റെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നുമായിരുന്നു സിബിഐ കോടതിയിൽ ആവശ്യപ്പെട്ടത്. ഈ ആവശ്യം പരിഗണിച്ച കോടതി കസ്റ്റഡി കാലാവധി രണ്ട് ആഴ്ച കൂടി നീട്ടുകയായിരുന്നു. ഈ മാസം 17 ന് സിസോദിയയെ വീണ്ടും കോടതിയിൽ ഹാജരാക്കും.
ഫെബ്രുവരി 26 നാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്. കേസിൽ സിസോദിയയുടെ പങ്ക് വ്യക്തമാകുന്ന തെളിവുകൾ ലഭിച്ചതോടെ സിബിഐ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. എട്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു സിസോദിയയെ അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ അഴിമതിയിലൂടെ സ്വന്തമാക്കിയ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തി. ഇതേ തുടർന്ന് കഴിഞ്ഞ മാസം ഒൻപതിന് ഇഡിയും അദ്ദേഹത്തിനെതിരെ കേസ് എടുത്തിട്ടുണ്ട്. മദ്യ വിൽപ്പന സ്വകാര്യ ഏജൻസികൾക്ക് നൽകിക്കൊണ്ടുള്ളതായിരുന്നു സിസോദിയയുടെ മദ്യനയം.








