ബംഗലൂരു: ഇരിക്കും മുന്നേ കാല് നീട്ടുക എന്ന് മാത്രമല്ല, അപരന്റെ കാല് വാരുക കൂടി ചെയ്യുക എന്ന നയത്തിൽ നിന്നും ഒട്ടും പിന്നോട്ടില്ലെന്ന വ്യക്തമായ സന്ദേശം നൽകി കർണാടകയിലെ കോൺഗ്രസ് നേതാക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ, കാള കയറിയ പിഞ്ഞാണക്കട പോലെ കർണാടക പിസിസി ആസ്ഥാനം. സീറ്റിന് വേണ്ടി ആത്മഹത്യ ചെയ്യാൻ തയ്യാറായി വിഷക്കുപ്പികളുമായാണ് മിക്ക നേതാക്കളും പാർട്ടി ആസ്ഥാനത്ത് എത്തിയത്.
ചില നേതാക്കൾക്ക് സീറ്റ് നൽകിയില്ലെങ്കിൽ കൂട്ട ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ഒരു പറ്റം പ്രവർത്തകരും കൂടി രംഗത്ത് വന്നതോടെ, സ്ഥിതിഗതികൾ വലിയ തോതിൽ വഷളായി. സംസ്ഥാനത്തെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ചൊവ്വാഴ്ച സംസ്ഥാന നേതൃത്വവുമായി അന്തിമ ആശയ വിനിമയം നടത്താനിരിക്കെയാണ് കർണാടക പിസിസി ആസ്ഥാനം കലുഷിതമായത്.
രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടികയുടെ കാര്യത്തിൽ ഏറെക്കുറേ തീരുമാനമായതോടെ, അവസാന അടവും പയറ്റി നോക്കുകയാണ് സ്ഥാനമോഹികളായ നേതാക്കൾ. ഇതിനിടെയാണ് സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ചൊവ്വാഴ്ച ഹൈക്കമാൻഡിനെ കാണാനിരിക്കുന്നത്.







