ഡെറാഡൂൺ: പാഠപുസ്തകത്തിലൂടെ വിദ്യാർത്ഥികളെ ഇസ്ലാം മതത്തിലേക്ക് ആകർഷിക്കാൻ ശ്രമം. ഡെറാഡൂണിലെ ഐസിഎസ്ഇ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഗുൽമോഹർ എന്ന പേരിൽ ഹൈദരാബാദിൽ അച്ചടിച്ച പുസ്തകത്തിലാണ് ഇസ്ലാം മതത്തിലേക്ക് ആകർഷിക്കുന്ന ഉള്ളടക്കങ്ങൾ ഉള്ളത്. സംഭവത്തിൽ രക്ഷിതാവ് പരാതി നൽകി.
സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയുടെ പിതാവ് മനിഷ് മിത്താലാണ് ജില്ലാ മജിസ്‌ട്രേറ്റിനും വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകിയത്. അടുത്തിടെയായി കുട്ടി മനീഷിനെയും ഭാര്യയെയും അച്ഛൻ, അമ്മ എന്ന് വിളിക്കുന്നതിന് പകരം അറബി വാക്കിൽ ഇതേ അർത്ഥം വരുന്ന അമ്മി, അബ്ബു എന്നാണ് വിളിക്കുന്നത്. ഈ വാക്കുകൾ ഇവിടുന്നാണ് പഠിച്ചതെന്ന് മനീഷ് കുട്ടിയോട് ചോദിച്ചു. അപ്പോൾ ഗുൽമോഹർ എന്ന പേരിലുള്ള ഇംഗ്ലീഷ് പാഠപുസ്തകം കാണിച്ചു കൊടുക്കുകയായിരുന്നു. പരിശോധിച്ചപ്പോൾ അതിലെ ഒരു പാഠഭാഗത്ത് പെൺകുട്ടി മാതാപിതാക്കളെ അമ്മി, അബ്ബു എന്ന് അഭിസംബോധന ചെയ്യുന്നതായി കണ്ടു. ഇതിന് ശേഷം പാഠപുസ്തകം വിശദമായി പരിശോധിച്ചപ്പോൾ ഇസ്ലാം മതത്തിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള മറ്റ് പാഠഭാഗങ്ങളും ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പരാതി നൽകുകയായിരുന്നു.
മാതാവ്, പിതാവ് എന്നിവ പാഠപുസ്തകത്തിൽ ഉപയോഗിക്കാറുണ്ടെന്നും, എന്നാൽ ഇത് വിചിത്രമായിരിക്കുന്നുവെന്നും മനീഷ് പറഞ്ഞു. എല്ലാ ഐസിഎസ്ഇ സ്‌കൂളുകളിലും ഈ പുസ്തകം പഠിപ്പിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഇംഗ്ലീഷ് എന്നത് എല്ലാ സ്‌കൂളുകളിലും പഠിപ്പിക്കേണ്ട ഒന്നാണ്. എന്നാൽ അതിൽ ഇത്തരം വീഴ്ചകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. പുസ്തകം നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് വിദ്യാഭ്യാസ ഓഫീസർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.










