ബെംഗളൂരു: ടിപ്പുസുല്‍ത്താന്‍ ജന്മദിനാഘോഷത്തില് പ്രതിഷേധിച്ച് കര്‍ണ്ണാടകയില്‍ വി.എച്ച്.പി ഇന്ന് വഴിതടയല്‍ സമരം നടത്തും. ഇന്ന് നടത്താനിരുന്ന കര്‍ണാടക സംസ്ഥാന ബന്ദ് മാറ്റി. പകരം എല്ലാ പ്രധാന പാതകളും തടയുമെന്ന് സംഘടനാഭാരവാഹികള്‍ അറിയിച്ചു.
സംസ്ഥാനത്തിനു പുറത്തേക്കുള്ള എല്ലാ പാതകളിലും ഉപരോധമേര്‍പ്പെടുത്തുമെന്നാണ് മുന്നറിയിപ്പ്. എന്നാല്‍ ഗതാഗതം തടഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
വി.എച്ച്.പി.യുടെ ശക്തികേന്ദ്രങ്ങളായ ദക്ഷിണ കന്നട, മൈസൂരു, ചാമരാജനഗര്‍, കുടക് ജില്ലകളില്‍ സമരം ശക്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാല്‍ കേരളത്തിലേക്കടക്കമുള്ള പാതകള്‍ പോലീസ് നിരീക്ഷണത്തിലാണ്.
കെംപഗൗഡ ഇന്റര്‍നാഷണ്‍ എയര്‍പോര്‍ട്ടിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കണമെന്ന് പറഞ്ഞ എഴുത്തുകാരന് ഗിരിഷ് കര്‍ണാടിന് ട്വിറ്ററിലൂടെ വധഭീഷണിയുണ്ടായി. വ്യാജ അക്കൗണ്ടില്‍ നിന്നായിരുന്നുഭീഷണി. അതേ സമയം തന്റെ പ്രസ്താവന ആരെയും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നു എന്ന് ഗിരീഷ് കര്‍ണ്ണാട് വ്യക്തമാക്കിയിരുന്നു.
മൈസൂര്‍-കുടക് എം.പി പ്രതാപ് സിംഹയ്ക്കും ഭീഷണിയുണ്ടായി. മുസ്ലിങ്ങള്‍ക്കെതിരെ സംസാരിച്ചാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു ഫേസ്ബുക്ക് സന്ദേശം.
അതേ സമയം സംസ്ഥാനത്തെ നിയമങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയെന്നും മുഖ്യമന്ത്രി സിദ്ദരാമയ്യ രാജി വെയ്ക്കണമെന്നും ഡല്‍ഹിയിലെ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടു.
ടിപ്പു സുല്‍ത്താന്‍ ജന്മദിനാഘോഷത്തിനിടെ വി.എച്ച്.പി നേതാവടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു.
Discussion about this post