ന്യൂഡൽഹി/ തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനൻ സംസ്ഥാനങ്ങളിൽ ഇന്ന് അവലോകന യോഗം ചേരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ഇന്നലെ കേന്ദ്രസർക്കാർ ഉന്നതതല യോഗം ചേർന്നിരുന്നു.
നിലവിൽ ദിനം പ്രതി രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇന്നലെ മാത്രം 6050 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വരും ദിവസങ്ങളിലും രോഗം വ്യാപിക്കുന്നവരുടെ എണ്ണം വർദ്ധിക്കും. ഈ സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള നടപടികൾ കൈക്കൊള്ളുകയാണ് പ്രധാനമായും യോഗത്തിന്റെ ലക്ഷ്യം.
രോഗാവസ്ഥ സങ്കീർണമാകുന്ന സാഹചര്യത്തിൽ നിരവധി പേർ ആശുപത്രിയിൽ കിടത്തി ചികിത്സ തേടുന്നുണ്ട്. അതിനാൽ ആശുപത്രികളിലെ സൗകര്യങ്ങൾ ഇന്ന് ചേരുന്ന യോഗത്തിൽ സംസ്ഥാനങ്ങൾ വിലയിരുത്തും. വാക്‌സിനേഷൻ തോത്, മറ്റ് പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയും സംസ്ഥാനങ്ങൾ ചർച്ച ചെയ്യും.
ഡൽഹി, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് പ്രതിദിന കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ കേസുകളുടെ എണ്ണം 900 കടന്നു. ഡൽഹിയിലും ദിനം പ്രതി 500 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആശുപത്രികളിൽ മോക്ഡ്രിൽ നടത്താൻ ഇന്നലെ ചേർന്ന യോഗത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ഇതിന് പുറമെ കൊവിഡ് പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാനും, കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.
Discussion about this post