കോഴിക്കോട്: ഷാരൂഖ് സെയ്ഫി ട്രെയിനിൽ തീവയ്പ് നടത്തിയത് കൃത്യമായ മുന്നൊരുക്കത്തോടെയെന്ന് വ്യക്തമായി. പിന്നിൽ മറ്റാരെങ്കിലും ഉണ്ടാകാമെന്ന നിഗമനത്തിൽ പ്രതിയുടെ 2021 മുതലുള്ള യാത്രകളും ഫോൺ കോളുകളും പോലീസ് പരിശോധിക്കുകയാണ്. ദില്ലി കേന്ദ്രീകരിച്ച് ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് കേന്ദ്ര ഏജൻസികളുടെ നീക്കം. കേന്ദ്രസംഘം കൂടി നൽകിയ സൂചനകൾ കണക്കിലെടുത്താണ് നിലവിൽ പ്രതിയെ ചോദ്യം ചെയ്യുന്നത്. എന്നാൽ ആക്രമണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ കാര്യം ഷാരൂഖ് ആവർത്തിച്ച് നിഷേധിക്കുകയാണ്.
ബോഗിക്കടക്കം തീയിട്ട് തീവ്രവാദ സ്വഭാവമുള്ള ആക്രമണത്തിനാണ് ഷാരൂഖ് ലക്ഷ്യമിട്ടതെന്നാണ് കേന്ദ്ര ഏജൻസികളുടെ സംശയം. ഇത് അറിയുന്നതിന്റെ ഭാഗമായിട്ടാണ് 2021 മുതലുള്ള ഫോൺകോളുകളും കുറിപ്പുകളും യാത്രാവിവരങ്ങളും ശേഖരിക്കുന്നത്. ഡൽഹിയിൽ നിന്നോ കേരളത്തിൽ നിന്നോ സഹായം ലഭിച്ചോ എന്നാണ് സംശയിക്കുന്നത്. സമീപകാലത്തെ ഏതെങ്കിലും സംഭവങ്ങളിൽ പ്രതിഷേധിക്കാനാണോ ആക്രമണം നടത്തിയത് എന്നും സംശയിക്കുന്നുണ്ട്. ഒരു പരിചയുമില്ലാത്ത സ്റ്റേഷനിലെത്തി പെട്രോൾ വാങ്ങി ആക്രമണം നടത്തി എന്നതിലെ ദുരൂഹത നീക്കാനായിട്ടില്ല.
ഷാരൂഖിന്റെ സ്വഭാവത്തിൽ അടുത്തിടെ ചില മാറ്റങ്ങൾ ഉണ്ടായതായി കുടുംബം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്. വീട്ടുകാരുമായുള്ള സംസാരം കുറഞ്ഞു. പുറത്ത് നിന്നുള്ളവരുടെ പ്രേരണയാലാണ് ഈ മാറ്റങ്ങൾ ഉണ്ടായതെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. നാല് ലിറ്റർ പെട്രോൾ ഷാരൂറിന്റെ കൈവശം ഉണ്ടായിരുന്നെങ്കിലും അത് മുഴുവൻ ഇയാൾക്ക് ഉപയോഗിക്കാനായില്ല. ആക്രമണം നടത്താനുള്ള പരിശീലനം ലഭിക്കാത്തതിനാലാണ് പദ്ധതി വിജയിക്കാത്തത് എന്നാണ് അന്വേഷണസംഘം കരുതുന്നത്. പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ ഷാരൂഖിനും പൊള്ളലേറ്റു. സംഭവത്തിന് ശേഷം കേരളത്തിൽ നിന്ന് രക്ഷപെടാൻ അടക്കം ഇയാൾക്ക് മറ്റ് ചിലരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ചിലരുടെ പ്രേരണയാലാണ് താൻ കുറ്റകൃത്യം നടത്തിയതെന്ന് മഹാരാഷ്ട്ര എടിഎസിന് ഷാരൂഖ് മൊഴി നൽകിയിരുന്നു.
പ്രതി പെട്രോൾ വാങ്ങിയത് റെയിൽവേ സ്‌റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അകലെയുള്ള പമ്പിൽ നിന്നാണെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ട്രെയിനിന് സമീപത്തെ പമ്പുകൾ ഒഴിവാക്കി ഇവിടെയെത്തിയത് ആസൂത്രിതമാണെന്നാണ് നിഗമനം. സ്‌റ്റേഷന് തൊട്ടടുത്ത് തന്നെ മറ്റൊരു പമ്പ് ഉണ്ട്. എന്നാൽ ഷാരൂഖ് സ്റ്റേഷന് മുന്നിൽ നിന്ന് ഓട്ടോ പിടിച്ച് ഇവിടെയെത്തി രണ്ട് കാനുകളിലായി നാല് ലിറ്റർ പെട്രോളാണ് പ്രതി മേടിച്ചത്. ഞായറാഴ്ച വൈകിട്ടാണ് ഇയാൾ പമ്പിലെത്തി പെട്രോൾ വാങ്ങിയത്. ഇതിന്റെ ദൃശ്യങ്ങളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. പ്രതി എത്തിയത് മറ്റാർക്കെങ്കിലും ഒപ്പമാണോ എന്ന കാര്യത്തിലടക്കമാണ് ഇനി പരിശോധന നടക്കുന്നത്.
Discussion about this post