കോഴിക്കോട്: താമരശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലുമായി കൂടിക്കാഴ്ച നടത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബിഷപ്പിന് ഈസ്റ്റർ ആശംസകൾ നേരാനായിരുന്നു സന്ദർശനമെന്നും മറ്റ് രാഷ്ട്രീയ ചർച്ചകൾ നടന്നിട്ടില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന വ്യാപകമായി ബിജെപി നടത്തുന്ന ഈസ്റ്റർ ഗൃഹസന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ബിഷപ്പിനെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഈസ്റ്റർ ആശംസാകാർഡും അദ്ദേഹം ബിഷപ്പിന് കൈമാറി.
റബ്ബറിന്റെ വിഷയം മാത്രമല്ല കർഷകരുടെ പൊതുവായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സഭകളുമായി പല തരത്തിൽ ആശയവിനിമയം നടത്തുന്നുണ്ട്. സഭകൾ മുന്നോട്ടുവെയ്ക്കുന്ന നിർദ്ദേശങ്ങളോട് അനുഭാവപൂർവ്വമായ നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്.
കർഷക താൽപര്യങ്ങൾ ബലികഴിക്കുന്ന സർക്കാരാണ് കേരളത്തിലേത്. എന്നാൽ കേന്ദ്രസർക്കാർ കർഷകർക്ക് ഗുണകരമായ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നുണ്ട്. അത് അവർക്ക് നന്നായിട്ടറിയാം പ്രത്യേകിച്ച് സഭകളിൽ അത്തരം ചർച്ചകൾ നടക്കുന്നുണ്ടെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
വിശ്വസിക്കാവുന്ന ഒരു ഭരണനേതൃത്വമാണ് കേന്ദ്രത്തിലുളളത് എന്നത് വളരെ പ്രസക്തമായ കാര്യമാണെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു.
Discussion about this post