തിരുവനന്തപുരം: എൻസിഇആർടി പാഠപുസ്തകങ്ങളിലെ പരിഷ്‌കാരം ചരിത്രം വികലമാക്കി, അപൂർണ്ണമായി ചിത്രീകരിക്കാനുള്ള നീക്കമാണെന്നും ഫെഡറൽ സംവിധാനത്തിന് ഉള്ളിൽ നിന്ന് കേരളം ചെറുക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.
എൻസിഇആർടിയുടെ ഈ നീക്കത്തെ കേരളം അംഗീകരിക്കുന്നില്ല. അക്കാദമിക താല്പര്യം മുന്നിൽ കണ്ട് സംസ്ഥാനത്തിന് അനുയോജ്യമായ പാഠഭാഗങ്ങൾ ചേർത്ത് പാഠപുസ്തങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കും. അതോടൊപ്പം എസ്സിഇആർടി തന്നെ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ 11, 12 ക്ലാസുകളിൽ എൻസിഇആർടി പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയന വർഷം മുതൽ ചരിത്രത്തെ വളച്ചൊടിക്കുന്ന കാര്യങ്ങൾ ദേശീയ തലത്തിൽ ചെയ്തിരുന്നുവെങ്കിലും കേരളം അംഗീകരിച്ചിരുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. കേരളം ഉയർത്തിപ്പിടിച്ച വിശ്വമാനവിക സങ്കൽപ്പം, മതനിരപേക്ഷത, ഭരണഘടനാ മൂല്യങ്ങൾ തുടങ്ങിയവ മുറുകെ പിടിച്ചും അക്കാദമിക താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകിയും മുന്നോട്ട് പോകുമെന്നാണ് ശിവൻകുട്ടിയുടെ പ്രഖ്യാപനം.
പന്ത്രണ്ടാം ക്ലാസിലെ തീംസ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി പാർട്ട് രണ്ടിലെ മുഗൾ രാജവംശവുമായി ബന്ധപ്പെട്ട മുഴുവൻ ഭാഗങ്ങളും നീക്കം ചെയ്തുവെന്നാണ് ശിവൻകുട്ടിയുടെ ആരോപണം. എന്നാൽ ചില ഭാഗങ്ങൾ മാത്രമാണ് ഒഴിവാക്കിയതെന്ന് എൻസിഇആർടി ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. പൊളിറ്റിക്കൽ സയൻസിലെ ജനകീയ സമരങ്ങൾ, ഏക പാർട്ടി ഭരണം തുടങ്ങിയ ഭാഗങ്ങളും വെട്ടിമാറ്റിയതായും ഇതൊക്കെ വെട്ടിമാറ്റിക്കളയുന്നതിന് തക്കതായ കാരണം പറയാൻ എൻസിഇആർടിക്ക് ആകുന്നില്ലെന്നും ശിവൻകുട്ടി പറയുന്നു.
Discussion about this post