തൃശൂർ: ഏത് പ്രതിസന്ധിയിലും തളർത്താതെ എന്നെ മുന്നോട്ട് നയിക്കുന്നത് ഒരേ ഒരു ആദർശം ആണ്, സംഘം എന്ന ആദർശമാണെന്ന് വ്യക്തമാക്കി വികാരനിർഭരമായ കുറിപ്പുമായി കൃഷ്ണദാസ് ഗുരുവായൂർ. ഭർത്താവുമായുള്ള പിണക്കത്തിനൊടുവിൽ രണ്ടു പിഞ്ചു കുട്ടികളേയും കൊണ്ട് വീട് വിട്ട് പോയ ഒരു വീട്ടമ്മയെ കണ്ടെത്തിയതിനെ കുറിച്ചാണ് അദ്ദേഹം തന്റെ കുറിപ്പിൽ പറയുന്നത്.
അവസാനത്തെ ടവർ ലൊക്കേഷൻ ഗുരുവായൂർ എന്ന ഒറ്റ വിവരത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ആ നാട്ടിലുള്ള ആർഎസ്എസ് പ്രവർത്തകർ കൃഷ്ണദാസുമായി ബന്ധപ്പെടുന്നത്. തുടർന്ന് ഗുരുവായൂരെ തിരക്കിനിടയിൽ നിന്നും അവരെ കണ്ടെത്തിയതും പോലീസുകാരുടെ സഹായത്തോടെ കുടുംബത്തിന്റെ കയ്യിൽ സുരക്ഷിതമായി ഏൽപ്പിച്ചതുമായ കാര്യങ്ങളാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
കൃഷ്ണദാസ് ഗുരുവായൂരിന്റെ കുറിപ്പിലേക്ക്,
പണ്ട് ഒരു ഹർത്താൽ ദിനം, പെട്ടന്നുണ്ടായ ഹർത്താൽ ആയതു കാരണം ഗുരുവായൂരിലെത്തുന്ന ഭക്തർ ഭക്ഷണത്തിന് ബുദ്ധിമുട്ടും എന്നറിയുന്നതിനാൽ സേവഭാരതി പതിവു പോലെ ഭക്ഷണ വിതരണം നടത്തുന്നു. ഉപ്പുമാവും ചായയും,ഉച്ചയോടെ അത് അവസാനിച്ചു, അപ്പോളാണ് സുഹൃത്തും ഹോട്ടൽ ഉടമയും ആയ ഡി.വൈ.എഫ്.ഐ നേതാവ് വിളിക്കുന്നത്. നിങ്ങളുടെ കുറേ ആളുകൾ ഇന്നിവിടെ ഹോട്ടലിൽ കല്ല്യാണസദ്യ ഏൽപ്പിച്ചിട്ടുണ്ട്, പക്ഷേ പകുതി പേർക്കും എത്തിച്ചേരാൻ കഴിയാത്തതിനാൽ ഭക്ഷണം കുറേ ബാക്കിയാണ്, നിങ്ങളുടെ നേതൃത്വത്തിൽ കുറേ സേവാകേന്ദ്രങ്ങൾ ഉണ്ടല്ലോ അവിടെ കൊടുക്കാൻ പറ്റുമോ എന്ന് കല്ല്യാണപാർട്ടിക്കാർ ചോദിക്കുന്നു എന്ന്.നമ്മൾ അപ്പോൾ തന്നെ പെട്ടി ഓട്ടോറിക്ഷയിൽ ആ ഭക്ഷണം മുഴുവൻ ഭക്തജനങ്ങൾക്ക് വിതരണം ചെയ്തു.
വിതരണത്തിന് കല്ല്യാണപാർട്ടിക്കാരായ സംഘസഹോദരങ്ങളും ഒപ്പം കൂടി.അന്ന് അവരെ പരിചയപെട്ടു. ഫോൺ നംബർ കൈമാറി.പിന്നീട് ഗുരുവായൂരിലെ അവരുടെ ചെറിയ ആവശ്യങ്ങൾക്ക് എന്നെ ബന്ധപെടും, അങ്ങിനെ എത്രയോ പേരുണ്ട്, പലരേയും അവരുടെ ആവശ്യം കഴിഞ്ഞാൽ ഞാൻ മറന്നു പോകുമെങ്കിലും, വീണ്ടും അവരുടെ ആവശ്യങ്ങൾ വന്നാൽ അവർ വിളിക്കും. അങ്ങിനെ അന്നു വന്ന ഒരു സംഘബന്ധു ഒരു ദിവസം വിളിക്കുന്നു, ആ നാട്ടുക്കാരനായ ഒരാൾ മിസ്സിങ്ങാണ്, ഗുരുവായൂരിൽ ഉണ്ട് എന്ന് ഒരു വിവരം കിട്ടി, ഒന്നു തപ്പുമോ എന്നും ചോദിച്ച് ഫോട്ടോ അയച്ചു തന്നു.അന്ന് രാത്രി തന്നെ ഞാൻ അയാളെ കണ്ടെത്തി,മേൽപത്തൂർ ഓഡിറ്റോറിയത്തിൽ വെച്ച്, വിവരം അറിയിച്ചത് അനുസരിച്ച് അവർ വന്നു, അവർ വരുവോളം പരിചയപെട്ട് അദ്ധേഹത്തെ അവിടെ തന്നെ ഇരുത്താൻ ഞാൻ കുറേ പാടുപെട്ടു. ബന്ധുക്കൾ വന്ന് അദ്ധേഹത്തെ കെട്ടിപിടിച്ച് ആശ്‌ളേഷിച്ച് കൂട്ടി കൊണ്ടു പോയി…
ഇന്നും അതുപോലൊരു കാൾ വന്നു, ഭർത്താവുമായുള്ള പിണക്കത്തിനൊടുവിൽ ഓമനകളായ രണ്ടു പിഞ്ചു പൈതലുകളേയും കൊണ്ട് ഒരു വീട്ടമ്മ വീടു വിട്ടു പോയി, അവസാന ടവർ ലൊക്കേഷൻ ഗുരുവായൂർ ആണ്, അവരുടെ സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്, ഭർത്താവും കുടുംബാംഗങ്ങളും ഗുരുവായൂരിലേക്ക് തിരിച്ചിട്ടുണ്ട്, ‘കൃഷ്ണകുമാർജി’ഒന്നു നോക്കുമോ എന്നും ചോദിച്ചായിരുന്നു ആ കാൾ, പേരൊക്കെ പലരും തെറ്റി വിളിക്കും,അല്ലെങ്കിൽ പേരിലെന്തിരിക്കുന്നു.ജോലി കഴിഞ്ഞ് വന്ന് കുളി കഴിഞ്ഞിട്ടില്ല, ഗുരുവായൂരിൽ ആണെങ്കിൽ വൻ തിരക്കും. ഫോട്ടോ അയച്ചു വിളിച്ച ആള്. ഫോട്ടോ കണ്ടപ്പോൾ ആ മക്കളെ കണ്ടപ്പോൾ എനിക്ക് ഇരിക്കപൊറുതിയില്ലാതായി.വേഗം കുളിച്ച് ഡ്രെസ് മാറി ക്ഷേത്ര പരിസരത്തേക്ക്. തിരക്കിനിടയിൽ അവരെ കണ്ടുപിടിക്കുമെന്ന് ഒരു പ്രതീക്ഷയും എനിക്കില്ല, എന്തായാലും ആദ്യം പുറത്തു നിന്ന് ഭഗവാനെ തൊഴുതു, പ്രാർത്ഥന അവരെ കാണിച്ചു തരണെ എന്നായിരുന്നു.കുറച്ച് നിമിഷങ്ങൾ മുൻപ് ഫോട്ടോയിൽ കണ്ട പരിചയം മാത്രമാണ്. എന്തായാലും അന്നത്തെ പോലെ മേൽപ്പത്തൂർ ഓഡിറ്റോറിയം വലം വെക്കാൻ തീരുമാനിച്ചു, പുറത്തെ ഗണപതിയംബലത്തിൽ തൊഴുതു. വലം വെച്ച് വീണ്ടും നടയിൽ തന്നെ എത്തി, അവർ ഉണ്ടാകാൻ ഏറ്റവും ചാൻസ് ഓഡിറ്റോറിയത്തിൽ ആണെന്ന് മനസ്സ് പറഞ്ഞു, കാരണം രണ്ട് കുട്ടികളേയും കൊണ്ട് അധികം അവർക്ക് കറങ്ങാൻ പറ്റില്ല. മാത്രമല്ല ഓഡിറ്റോറിയത്തിൽ നല്ല നൃത്ത അരങ്ങേറ്റവും നടക്കുന്നു….
കറങ്ങി വന്നിട്ടും അവരെന്റെ കണ്ണിലൊന്നും പെട്ടില്ല.കാണുന്നില്ല, അവിടിരിക്കുന്ന ഡ്യൂട്ടി പോലീസിനെ അറിയിക്കാം എന്ന് എന്നോട് ആവശ്യം ഉന്നയിച്ച സംഘബന്ധുവിനോട് വിളിച്ചു പറഞ്ഞ് ഞാൻ നോക്കിയത് അവരുടെ മൂത്ത മകന്റെ മുഖത്തോട്ടാണ്.പിന്നെ അവർ തന്നെ അല്ലേ എന്ന് സൂഷ്മം നിരീക്ഷിച്ചു, അദ്ധേഹത്തെ വീണ്ടും വിളിച്ച് കണ്ടെത്തിയ വിവരം പറഞ്ഞു,ഇനിയെന്ത് ചെയ്യണം എന്നും ഡ്യൂട്ടി പോലീസിനോട് കാര്യം അവതരിപ്പിക്കാം എന്നും പറഞ്ഞു. അവിടിരിക്കുന്ന ആംഡ് പോലീസിന്റെ ഡ്യൂട്ടിക്കാരനോട് വിഷയം പറഞ്ഞു, അദ്ധേഹം അദ്ധേഹത്തിന്റെ ഫോണിലുള്ള ഫോട്ടോ കാണിച്ച് തന്നിട്ട് ഇവരാണോ എന്ന് എന്നോട് ഇങ്ങോട്ടൊരു ചോദ്യം. അതെ എന്ന് ഞാൻ മറുപടി പറഞ്ഞു.അപ്പോളേക്കും ഗുരുവായൂർ സ്റ്റേഷനിൽ വിവരം എത്തുകയും എല്ലാ പോലിസുകാർക്കും മെസേജ് പോയിട്ടും ഉണ്ടായിരിക്കാം. അവർ അതേ കുറിച്ച് ആലോചിക്കുന്നതേ ഉള്ളൂ, എന്തായാലും എന്റെ നിരീക്ഷണ പാടവത്തെ പുകഴ്ത്തി അദ്ധേഹം മേലുദ്യോഗസ്ഥനെ വിവരം അറിയിച്ചു. മഫ്തിയിൽ ഉള്ള പോലീസുകാരൻ വന്നു,അവർക്കും ഞാൻ തഞ്ചത്തിൽ ഇവരെ കാണിച്ചു കൊടുത്തു. ഒരു ഡാൻസ് കഴിഞ്ഞ് അവിടുന്ന് എണീറ്റ് മറ്റെങ്ങോട്ടോ പോകാൻ തുടങ്ങിയ ഇവരെ പോലീസുകാർ തഞ്ചത്തിൽ തന്നെ ആരും അറിയാതെ യാതൊരു ബഹളവും ഇല്ലാതെ കണ്ട്രോൾ റൂമിൽ കൊണ്ടിരുത്തി, പിന്നീട് ഹോട്ടലിൽ കൊണ്ടുപോയി ഭക്ഷണം വാങ്ങി കൊടുത്തു,നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി, എല്ലാത്തിലും ഞാനും ഒപ്പം കൂടി, എന്റെ പ്രസ്ഥാനത്തെ കുറിച്ചും ചുമതലയെ കുറിച്ചും പോലീസുകാരോട് ഞാൻ അഭിമാനത്തോടെ പറഞ്ഞു.ദൂരേയുള്ള എന്നോ കണ്ട ഒരു സംഘ ബന്ധു തന്ന വിവരം ആണ് എന്നെ ഇവിടെത്തിച്ചതും ഇവരെ കണ്ടെത്തിയതും എന്ന് ഞാൻ പറഞ്ഞപ്പോൾ പോലീസുദ്യോഗസ്ഥരും അത്ഭുതം കൂറി.അവരുടെ ഹസ്തദാനങ്ങൾക്കിടയിലുമ എന്റെ ചിന്ത ആ മക്കളെ കുറിച്ചായിരുന്നു, നാലിലും പിന്നെ രണ്ട് രണ്ടര വയസ്സുമുള്ള ആ കുഞ്ഞു മക്കളെ കുറിച്ച്…
കുറേ കഴിഞ്ഞപ്പോൾ തൃശ്ശൂർ ജില്ലയിലുള്ള ഇവരുടെ ബന്ധുവും ഭർത്താവും വന്നു, അവരെ കെട്ടി പിടിച്ച് അവർ കരയുന്നത് കണ്ടു. പിന്നേയും കുറേ കഴിഞ്ഞ് ഭർത്താവും ബന്ധുക്കളും വന്നു, വികാരഭരിതമായ രംഗങ്ങൾ.വന്നവരോട് പോലിസുകാരൻ പറയുന്നുണ്ടായിരുന്നു, ‘ ആ നിൽക്കുന്ന ആളാണ് അവരെ കണ്ടെത്തിയത്, നിങ്ങളുടെ നാട്ടിലെ ആർ.എസ്.എസ്സുകാർ അറിയിച്ചത് പ്രകാരം.പിന്നെ അവരും വന്നു നന്ദിയും നമസ്‌ക്കാരവും പറഞ്ഞു. എന്നാലകുന്ന പോലെ അവരെയൊക്കെ ഉപദേശിച്ചു. മക്കളെ ഓർത്തെങ്കിലും നല്ല രീതിയിൽ കഴിയണം എന്നു പറഞ്ഞു. അവരും എന്റെ നംബർ വാങ്ങി, ഇനി അവരും വിളിക്കും, അത്തരം വിളികൾക്ക് കാതോർത്താണ് ഞാനെന്നും കഴിയുന്നത് തന്നെ…
ഏത് പ്രതിസന്ധിയിലും തളർത്താതെ എന്നെ മുന്നോട്ട് നയിക്കുന്നത് ഒരേ ഒരു ആദർശം ആണ്, സംഘം എന്ന ആദർശം, എന്നാലാകുന്ന സഹായങ്ങൾ മറ്റുള്ളവർക്ക് നൽകാൻ, മറ്റുള്ളവരുടെ വിഷമങ്ങളിൽ ഒപ്പം നടക്കാൻ എന്നെ പഠിപ്പിച്ചതും സംഘം തന്നെ, ഒരുപാട് വിഷമഘട്ടങ്ങൾ തരണം ചെയ്തു, നാളെ പുതിയ പ്രശ്‌നം വരും അതും തരണം ചെയ്യും, കാരണം മനസ്സിൽ ആ അപൂർവ്വ ചൈതന്യം ഉണ്ട്, സംഘം എന്ന ചൈതന്യം…
കൃഷ്ണദാസിന്റെ ഫേസ്ബുക്ക് കുറിപ്പ്
Discussion about this post