ശ്രീനഗർ: അതിർത്തി വഴി ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറാനുള്ള പാക് ഭീകരരുടെ ശ്രമം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഒരു ഭീകരനെ വധിച്ചു. പൂഞ്ച് സെക്ടറിൽ ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്.
സെക്ടറിൽ സുരക്ഷാ സേന പട്രോളിംഗ് നടത്തുകയായിരുന്നു. എന്നാൽ ഇക്കാര്യം ഭീകരർ അറിഞ്ഞിരുന്നില്ല. പക്ഷെ ഇവർ സുരക്ഷാ സേനയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഭീകര സംഘം അതിർത്തിയിലെ സുരക്ഷാവേലി വഴി കടക്കാൻ ശ്രമിച്ചതോടെ ഇവരെ സേനാംഗങ്ങൾ വളഞ്ഞു. ഇതോടെ സംഘം സുരക്ഷാ സേനയെ ആക്രമിച്ച് കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു.
ഏറ്റുമുട്ടലിനിടെ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ബാക്കിയുള്ളവർ സമീപത്തെ വനമേഖലയിൽ ഒളിച്ചുവെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പ്രദേശത്ത് സുരക്ഷാ സേന പരിശോധന ആരംഭിച്ചു. നുഴഞ്ഞു കയറ്റത്തിന്റെ പശ്ചാത്തലത്തിൽ അതീവ ജാഗ്രത പാലിക്കാനാണ് സേനാംഗങ്ങൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
Discussion about this post