ഗർഭിണിയായിരുന്നപ്പോൾ അമ്മമാരിൽ കൊറോണ ബാധിച്ചതിന്റെ പേരിൽ രണ്ട് കുഞ്ഞുങ്ങളിൽ തലച്ചോറിന് ഗുരുതരമായ പ്രസ്‌നങ്ങൾ കണ്ടെത്തയതായി റിപ്പോർട്ട്. വൈറസ് മറുപിള്ള വഴി ശിശുക്കളെ ബാധിച്ചുവെന്നാണ് കണ്ടെത്തൽ. മിയാമി സർവ്വകലാശാലയിലെ ഗവേഷകരാണ് ഈ വിവരം പുറത്ത് വിട്ടത്.
പീഡിയാട്രിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠന പ്രകാരം രണ്ട് കുഞ്ഞുങ്ങളും കൊറോണ പോസിറ്റീവ് ആയ അമ്മമാരിൽ ജനിച്ചവരാണ്. രണ്ട് അമ്മമാർക്കും അവരുടെ മൂന്നാം മാസത്തിന് ശേഷമാണ് രോഗം സ്ഥിരീകരിക്കുന്നത്. വാക്‌സിനുകൾ ലഭ്യമല്ലാതിരുന്ന സമയത്താണ് ഇവരിൽ രോഗം പിടിപെടുന്നത്. കുഞ്ഞുങ്ങൾ ജനിച്ച അന്ന് തന്നെ ഇരുവർക്കും അപസ്മാരം ഉണ്ടായി. പിന്നീടുള്ള ഓരോ ഘട്ടത്തിലേയും വളർച്ചയിലും വലിയ കാലതാമസമാണ് ഉണ്ടായത്.
ഇതിൽ ഒരു കുട്ടി 13 മാസം മാത്രമാണ് ജീവിച്ചിരുന്നത്. മറ്റൊരാൾ ഇപ്പോൾ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മരിച്ച കുട്ടിയുടെ തലച്ചോർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴും വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഗർഭാവസ്ഥയിൽ ഇരിക്കുമ്പോൾ തന്നെ കുഞ്ഞിനെ രോഗം ബാധിക്കുമെന്ന് ഇതാദ്യമായാണ് തെളിയിക്കപ്പെടുന്നതെന്നും പഠനത്തിൽ പറയുന്നു.









