തിരുവമനന്തപുരം : മെയ്ക്ക് ഇൻ കേരള പദ്ധതിയിൽ കേരളത്തിൽ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയവയിൽ പുകയില ഉത്പന്നങ്ങളും. കേരളത്തിന്റെ വ്യാപാരക്കമ്മി കുറയ്ക്കാൻ ഇത്തവണത്തെ ബജറ്റിൽ വിഭാവനം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് എട്ട് ഇനം പുകയില ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനൊരുങ്ങുന്നത്. വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിലെ (സി.ഡി.എസ്.) വിദഗ്ധരാണ് പട്ടിക തയ്യാറാക്കിയത്.
കേരളത്തിലേക്കുള്ള മൊത്തം ഇറക്കുമതിയുടെ 1.78 ശതമാനം പുകയില ഉത്‌പന്നങ്ങളാണെന്ന് റിപ്പോർട്ടിലുണ്ട്. ബീഡി, സിഗരറ്റ്, സിഗരറ്റ് പുകയില, ചുരുട്ട്, മൂക്കിപ്പൊടി, സർദ, കത്തയും ച്യൂവിങ് ലൈമും, പാൻമസാലയും അനുബന്ധ ഉത്‌പന്നങ്ങളുമാണ് സാധ്യതാപട്ടികയിലുള്ളത്.
സംസ്ഥാന സർക്കാർ അടുത്തിടെ ലഹരിക്കെതിരെയുള്ള പോരാട്ടം ഊർജ്ജിതമാക്കിയിരുന്നു. ലഹരി ഉത്‌പന്നമായി കണക്കാക്കുന്ന പാൻമസാല വിൽക്കുന്നവർക്കെതിരേ നിയമപ്രകാരം(സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രോഡക്ട് റെഗുലേറ്ററി ആക്ട്) എക്‌സൈസ്-ആരോഗ്യ വകുപ്പുകൾ കേസെടുക്കാറുണ്ട്. ഇതിനിടെയാണ് ഇവ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാൻ തീരുമാനിക്കുന്നത്.
മോട്ടോർവാഹനങ്ങൾ (11692.32 കോടി), മരുന്നും മറ്റ് മെഡിക്കൽ രാസവസ്തുക്കളും (6071.33 കോടി), നെയ്ത്തുവസ്ത്രങ്ങൾ(4720.61 കോടി), കെട്ടിട നിർമാണസാമഗ്രികൾ(2211.03 കോടി-84.92 ശതമാനം), എന്നിവയാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മറ്റ് വസ്തുക്കൾ
Discussion about this post