തിരുവനന്തപുരം: കന്യാകുമാരിയിൽ ശിവജി മഹരാജിന്റെ പ്രതിമ തകർത്ത കേസിൽ പ്രതികൾ അറസ്റ്റിൽ. മേൽപ്പുറം സ്വദേശി എഡ്വിൻ (37), ഞാറാൻവിള സ്വദേശി പ്രതീഷ് (37) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇരുവരും ചേർന്ന് ശിവജി മഹരാജിന്റെ പ്രതിമ തകർത്തത്.
കന്യാകുമാരി ജില്ലയിലെ മേൽപ്പുറത്തിനടുത്തുള്ള തോട്ടത്തുമഠം കൃഷ്ണ ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച പ്രതിമയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയ അധികൃതരാണ് പ്രതിമ തകർന്ന നിലയിൽ കണ്ടത്. പ്രതിമയുടെ തല തകർത്ത നിലയിലായിരുന്നു. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. പ്രതികളെ ഇന്നലെ വൈകീട്ടോടെയാണ് പിടികൂടിയത്. പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തിൽ ഇവരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
15 വർഷം മുമ്പാണ് ക്ഷേത്രത്തിന് സമീപത്തായി ശിവജിയുടെ പ്രതിമ സ്ഥാപിച്ചത്. ഒൻപത് അടിയാണ് പ്രതിമയുടെ ഉയരം.
Leave a Comment