ഛണ്ഡീഗഡ്: പഞ്ചാബിൽ സൈനിക കേന്ദ്രത്തിൽ വെടിവയ്പ്പ്. നാല് സൈനികർ വീരമൃത്യുവരിച്ചു. ബതിൻഡ സൈനിക കേന്ദ്രത്തിൽ പുലർച്ചെയോടെയായിരുന്നു വെടിവയ്പ്പ് ഉണ്ടായത്.
സൈനിക കേന്ദ്രത്തിലെ ഭക്ഷണ ശാലയിലായിരുന്നു സംഭവം. സിവിൽ വസ്ത്രത്തിൽ പുറത്ത് നിന്നും എത്തിയ ആൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ നാല് സൈനികർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ ഇവരെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. 80 മീഡിയം റെജിമെന്റിലെ അംഗങ്ങളാണ് വീരമൃത്യുവരിച്ച നാല് പേരും.
ഭീകരാക്രമണം അല്ലെന്നാണ് സൈന്യം അറിയിക്കുന്നത്. സിവിൽ വസ്ത്രത്തിൽ എത്തിയ സൈനികനാണ് ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ക്യാമ്പിൽ സൂക്ഷിച്ച തോക്കുകളിൽ ചിലത് കാണാതായതായി വ്യക്തമായിട്ടുണ്ട്. ഈ തോക്ക് ഉപയോഗിച്ചാണോ ആക്രമണം നടത്തിയത് എന്നും സംശയമുണ്ട്. പുറമേ നിന്നുള്ളവർക്ക് ഇവിടേക്ക് കടക്കുക പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് സേനാംഗങ്ങളിൽ ഒരാളാണ് സംഭവത്തിന് പിന്നിൽ എന്ന സംശയം ഉണർത്തുന്നത്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ക്യാമ്പിലും പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതികൾക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചു.








