കോട്ടയം : ജോസ് കെ മാണിയുടെ മകൻ പ്രതിയായ വാഹനാപകടക്കേസിൽ പോലീസിനെതിരെ വെളിപ്പെടുത്തലുമായി യുവാവ്. അപകടം നടന്ന സമയത്ത് വാഹനം ഓടിച്ചത് ജോസ് കെ മാണിയുടെ മകനാണെന്ന് വ്യക്തമായിരുന്നുവെന്ന് ബന്ധു മനു മാത്യു പറഞ്ഞു. രാഷ്ട്രീയ സ്വാധീനം കൊണ്ടാകാം ആദ്യ എഫ് ഐ ആറിൽ പൊലീസ് പിഴവു വരുത്തിയതെന്നും മനു മാത്യു വ്യക്തമാക്കി.
അപകടത്തിൽ പരിക്കേറ്റ യുവാക്കളെ മെഡിക്കൽ കോളജിൽ എത്തിക്കുമ്പോൾ അത്യാഹിത വിഭാഗത്തിൽ ആശുപത്രി സൂപ്രണ്ട് തന്നെ കാത്ത് നിന്നിരുന്നു. അജ്ഞാതനായ വ്യക്തി ആയിരുന്നു വാഹനം ഓടിച്ചതെങ്കിൽ സൂപ്രണ്ട് കാത്തു നിൽക്കേണ്ട കാര്യമുണ്ടായിരുന്നോ എന്ന് മനു ചോദിച്ചു.
അപകടം നടന്നയുടൻ ജോസ് കെ മാണിയുടെ മകന്റെ വാഹനം പോലീസ് സുരക്ഷിതമായി മാറ്റി. സ്റ്റേഷനിൽ എത്തിച്ച വാഹനം പടുത ഇട്ട് മൂടി. എന്നാൽ മരിച്ച യുവാക്കളുടെ വാഹനം മാറ്റിയത് പിറ്റേന്ന് മാത്രമാണ്.
ആദ്യം എഫ്ഐആറിൽ നിന്ന് ജോസ് കെ മാണിയുടെ മകന്റെ പേര് ഒഴിവാക്കിയിരുന്നു. ആദ്യ എഫ്ഐആറിലെ പിഴവിന്റെ കാരണം പോലീസ് പറഞ്ഞിട്ടില്ല എന്നും മനു മാത്യു പറഞ്ഞു.












