കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർനം ഒരു ദിവസം നേരത്തെയാക്കി.ഏപ്രിൽ 25ന് നിശ്ചയിച്ചിരുന്ന പരിപാടി ഏപ്രിൽ 24ലേക്കാണ് മാറ്റിയത്. കർണാക തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കേണ്ടതിനാലാണ് സന്ദർശനം നേരത്തെയാക്കിയത്.
കൊച്ചിയിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുക. പരിപാടിയിൽ അനിൽ ആന്റണി പങ്കെടുക്കും. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നശേഷം അനിൽ ആന്റണിയുടെ ആദ്യ പൊതുപരിപാടിയാകും ഇത്. സിനിമാ താരം യാഷ് , ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
പ്രധാനമന്ത്രി യുവാക്കളോട് നേരിട്ട് സംവദിക്കും. എറണാകുളം തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. തേവരയിൽ നടക്കുന്ന റോഡ് ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി പരിപാടിക്ക് ശേഷം കർണാടകയിലേക്ക് തിരിക്കും.
കേരളത്തിലെത്തുന്ന പ്രധാനമന്ത്രി, സംസ്ഥാനത്തിന് രണ്ട് വന്ദേഭാരത് ട്രെയിനുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രഖ്യാപനവും നടത്തുമെന്നാണ് വിവരം.












