ഇന്ത്യൻ ടീമിൽ യുവതാരം വൈഭവ് സൂര്യവംശിക്ക് യവംശിക്ക് തുടർച്ചയായി അവസരങ്ങൾ നിഷേധിക്കുന്നതിനെതിരെ രൂക്ഷമായ വിമർശനവുമായി കുട്ടിക്കാലത്തെ പരിശീലകനായ മനീഷ് ഓജ രംഗത്ത്. വൈഭവ് ഒരു കൊടുങ്കാറ്റിനെപ്പോലെയാണെന്നും, ആരെങ്കിലും അദ്ദേഹത്തെ തടയാൻ ശ്രമിച്ചാൽ ഇന്നല്ലെങ്കിൽ നാളെ അവർ തകർന്നുപോകുമെന്നും ഓജ വ്യക്തമാക്കി. ഈ കൊടുങ്കാറ്റ് ഏറെക്കാലം ഇന്ത്യൻ ടീമിലുണ്ടാകുമെന്നും, ഒന്നോ രണ്ടോ ഐപിഎൽ സീസണുകൾക്കപ്പുറം വർഷങ്ങളോളം അവൻ തന്റെ പ്രകടനത്തിലൂടെ സൂര്യനെപ്പോലെ തിളങ്ങുന്നത് കാണാൻ കഴിയുമെന്നും അദ്ദേഹം സ്പോർട്സ് നൗവിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യൻ ടീം മാനേജ്മെന്റ് ബെഞ്ചിലിരുത്തിയാണ് കളിക്കാരെ വളർത്തുന്നതെന്ന് വിശ്വസിക്കുന്നവരാണെന്നും, എന്നാൽ ബെഞ്ചിലിരുന്ന് ഇതുവരെ ഒരു കളിക്കാരനും വളർന്നിട്ടില്ലെന്നും ഓജ തുറന്നടിച്ചു. വൈഭവിനെപ്പോലെയുള്ള ഒരു പ്രതിഭയെ ബെഞ്ചിലിരുത്തി നിരാശപ്പെടുത്തുകയാണ് ചെയ്യുന്നത്. ചെറുപ്പമായ ഈ പ്രായത്തിൽ മത്സരങ്ങൾ കളിച്ച് അനുഭവസമ്പത്ത് നേടേണ്ട താരമാണ് വെള്ളം കൊടുക്കാനായി പുറത്തിരിക്കുന്നതെന്നും, നിലവിലെ മാനേജ്‌മെന്റ് ഏകാധിപത്യപരമായ രീതിയിലാണ് കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഐപിഎൽ 2026 സീസണിൽ രാജസ്ഥാൻ റോയൽസിനായി 776 റൺസ് അടിച്ചുകൂട്ടിയാണ് വൈഭവ് ടി20 ടീമിലേക്ക് വഴിതുറന്നത്. എന്നാൽ ഇന്ത്യ കളിച്ച 19 മത്സരങ്ങളിൽ 11 എണ്ണത്തിലും അവൻ ബെഞ്ചിലായിരുന്നു. സിംബാബ്‌വെ പര്യടനത്തിൽ മാൻ ഓഫ് ദി സീരീസ് പുരസ്കാരം നേടിയെങ്കിലും, സഞ്ജു സാംസൺ തിരിച്ചെത്തിയതോടെ വീണ്ടും തഴയപ്പെട്ടു. യശസ്വി ജെയ്‌സ്വാൾ വിക്കറ്റ് കീപ്പിംഗ് പരിശീലിക്കുന്നത് പോലെ വൈഭവും ബൗളിംഗ് പരിശീലിക്കണോ എന്ന ചോദ്യത്തിന്, അവൻ ഒരു ഫുൾഫ്ലെഡ്ജ് ബാറ്റ്‌സ്മാനാണെന്നും അതാണ് അവന്റെ ജോലിയെന്നും ഓജ മറുപടി നൽകി.
ഗൗതം ഗംഭീറിന് രണ്ട് വർഷം കഴിഞ്ഞ് പോകാം, എന്നാൽ രാജ്യത്തിനായി അടുത്ത 20-25 വർഷം സേവനം ചെയ്യാൻ കഴിയുന്ന ഒരു ദേശീയ സമ്പത്താണ് വൈഭവ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ടി20 പരമ്പരകൾക്ക് ശേഷം വൈഭവ് രഞ്ജി ട്രോഫിയിലും മറ്റ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും കളിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും ഓജ കൂട്ടിച്ചേർത്തു.










