ഇംഫാൽ: കയ്യേറ്റ ഭൂമിയിൽ അനധികൃതമായി നിർമ്മിച്ച ക്രിസ്ത്യൻ പള്ളികൾ ഇടിച്ച് പൊളിച്ച് മണിപ്പൂർ സർക്കാർ. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമായിരുന്നു സർക്കാർ നടപടി. സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച മൂന്ന് പള്ളികൾ പൊളിച്ച് നീക്കനായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം.
ഇവാഞ്ചലിക്കൽ ബാപ്റ്റിസ്റ്റ് കൺവെൻഷൻ ചർച്ച്, ഇവാഞ്ചലിക്കൽ ലുത്തെരാൻ ചർച്ച്, കത്തോലിക് ഹോളി സ്പിരിറ്റ് ചർച്ച് എന്നിവയാണ് കയ്യേറ്റഭൂമിയിലാണെന്ന് കണ്ടെത്തിയത്. 2010 ൽ സർക്കാർ ജീവനക്കാർക്ക് ക്വാട്ടേഴ്‌സ് നിർമ്മിക്കുന്നതിനായി അന്നത്തെ കോൺഗ്രസ് സർക്കാർ ഭൂമി അനുവദിച്ചിരുന്നു. ഈ ഭൂമിയാണ് മൂന്ന് പള്ളികളും നിർമ്മിച്ചത്. അടുത്തിടെ ഇതുമായി ബന്ധപ്പെട്ട് സർക്കാർ അന്വേഷണം നടത്തിയിരുന്നു. ഇതിലാണ് കയ്യേറ്റം വ്യക്തമായത്. ഇതോടെ പൊളിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുകയായിരുന്നു.
ഇതിനിടെ വിഷയം കോടതി കയറി. അടുത്തിടെ സർക്കാരിന് അനുകൂലമായി ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ ഇതിനെതിരെ പള്ളി അധികൃതർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. പള്ളി നിൽക്കുന്നത് സർക്കാർ ഭൂമിയിലാണെന്ന് നിരീക്ഷിച്ച കോടതി സ്ഥലം തിരികെ നൽകാൻ പള്ളികളോട് ആവശ്യപ്പെട്ടു. സ്ഥലം വിട്ട് നൽകിയില്ലെങ്കിൽ പൊളിക്കാനായിരുന്നു കോടതി നിർദ്ദേശം.








