ടോക്യോ: പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയ്ക്ക് നേരെ ആക്രമണം. ആൾക്കുട്ടത്തിനിടയിൽ നിന്നും ഒരാൾ അദ്ദേഹത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. ആക്രമണത്തിൽ കിഷിദയ്ക്ക് പരിക്കുകളില്ല.
വക്കയാമയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു സംഭവം. പൈപ്പിന് സമാനമായ വസ്തുവാണ് കിഷിദയെ ലക്ഷ്യമിട്ട് എറിഞ്ഞത് എന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലത്ത് വീണ് ഈ വസ്തു പടക്കത്തിന് സമാനമായ രീതിയിൽ ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചു. ഉടനെ കിഷിദയെ സുരക്ഷാ ഉദ്യോഗസ്ഥർ എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. പൊട്ടിത്തെറിയ്ക്ക് ശേഷം വേദിയിൽ ആകെ പുക നിറഞ്ഞിരുന്നു.
സംഭവത്തിൽ പ്രതി കസ്റ്റഡിയിലായതായാണ് സൂചന. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അതേ സമയം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.












