അഹമ്മദാബാദ്: സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കുടുംബവുമൊത്തായിരുന്നു അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്നലെ വൈകീട്ടോടെയായിരുന്നു അദ്ദേഹം കുടുംബ സമേതം ക്ഷേത്രത്തിൽ എത്തിയത്. പ്രശസ്ത സാംസ്കാരിക ഉത്സവമായ സൗരാഷ്ട്ര തമിഴ് സംഗമത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ക്ഷേത്രത്തിലെ വിവിധ പൂജകളിൽ അദ്ദേഹം പങ്കെടുത്തു. വിഗ്രഹത്തിൽ അദ്ദേഹവും ഭാര്യയും ആരതി പൂജ നടത്തി. തിങ്കളാഴ്ചയാണ് സൗരാഷ്ട്ര തമിഴ് സംഗമം ആരംഭിക്കുന്നത്. തമിഴ്നാടിനെയും ഗുജറാത്തിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട ഉത്സവമാണ് ഇത്.
സോമനാഥ് ക്ഷേത്രത്തിൽ എത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് രാജ്നാഥ് സിംഗ് ക്ഷേത്ര ദർശനത്തിന് ശേഷം പറഞ്ഞു. ചരിത്രരപ്രസിദ്ധമായ ക്ഷേത്രത്തിൽ ദർശനം നടത്തിയതിലൂടെ അനുഗൃഹീതനായെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സൗരാഷ്ട്ര തമിഴ് സംഗമത്തിന്റെ ഭാഗമായി ഗുജറാത്തിൽ എത്തുന്ന വിവരം കഴിഞ്ഞ ദിവസം അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു. സൗരാഷ്ട്ര തമിഴ് സംഗമത്തിൽ പങ്കെടുക്കാൻ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിലേക്ക് പോകുകയാണ്. തിങ്കളാഴ്ച രാവിലെ മുതലാണ് ആഘോഷത്തിന് തുടക്കമാകുക. ഗുജറാത്തും തമിഴ്നാടും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്കാരിക ബന്ധം വിളിച്ചോതുന്ന ആഘോഷമാണ് ഇതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
Discussion about this post