വയനാട്: പാപനാശത്തിനായി നിരവധി പേർ കാടും മലയും താണ്ടി എത്തുന്നയിടമാണ് തിരുനെല്ലി ക്ഷേത്രം. പാപനാശ അരുവിയും ശ്രീരാമന്റെ കാൽപ്പാദങ്ങളും കരിങ്കൽത്തൂണുകളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. മഹാവിഷ്ണുവിനായി സാക്ഷാൽ ബ്രഹ്‌മാവ് പണി കഴിപ്പിച്ച ക്ഷേത്രമാണിതെന്നാണ് വിശ്വാസം.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം നവീകരിക്കാനൊരുങ്ങുകയാണ്. ക്ഷേത്രത്തിലെ ഏറെ പഴക്കമുള്ള പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന കൽത്തൂണുകൾ പൊളിച്ചുമാറ്റി പണിയാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ടെക്‌നോളജി ഇത്രയേറെ വളർന്ന ഈ കാലഘട്ടത്തിൽ കൽത്തൂണുകൾ നശിപ്പിക്കപ്പെടുന്നതിനെ പറ്റി വേവലാതിയോടെ കുറിപ്പ് പങ്കുവയ്ക്കുകയാണ് അഗസ്റ്റിൻ പുൽപ്പള്ളി എന്ന യുവാവ്.
നിരുനെല്ലി ക്ഷേത്രത്തെ കുറിച്ച് ഗാഢമായി എഴുതിയ അഗസ്റ്റിന്റെ കുറിപ്പ് കൽത്തൂണുകൾ പൊളിച്ച് മാറ്റുന്നതിനെതിരെയുള്ള കാമ്പൈയിനായി പലരും ഉപയോഗിക്കുന്നുമുണ്ട്. ക്രിസ്ത്യാനിയായ ഒരുത്തന് അമ്പലങ്ങളെ കുറിച്ച് എഴുതാൻ എന്തവകാശമെന്നുള്ള മുൻവിധിയോടുകൂടി ഇതു വായിക്കരുതെന്ന മുഖവുരയോടെയാണ് കുറിപ്പ്. തിരുനെല്ലി ക്ഷേത്രത്തിന്റെ മനോഹാരിതയും ക്ഷേത്രത്തിലെ സുന്ദര അനുഭവങ്ങളിലൂടെയും കടന്നുപോകുന്ന കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്.
കുറിപ്പിന്റെ പൂർണ രൂപം
ക്രിസ്ത്യാനിയായ ഒരുത്തന് അമ്പലങ്ങളെ കുറിച്ച് എഴുതാൻ എന്തവകാശമെന്നുള്ള മുൻവിധിയോടുകൂടി ഇതു വായിക്കരുത്.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ അമ്പലങ്ങളിലൊന്നാണ് തിരുനെല്ലി അമ്പലം എന്നത് അമ്പലത്തിന്റെ ചരിത്രവും അവിടെ തിങ്ങി നിൽക്കുന്ന ആത്മീയതയുടെ ചൈതന്യവും
അനുഭവിച്ചവർക്കറിയാം.
തിരുനെല്ലിയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ്. ഇവിടുത്തെ ഏറ്റവും മനോഹാരിതയെന്നത് മുപ്പത് കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന ഈക്ഷേത്രത്തിന് പരിസരങ്ങളിൽ എപ്പോഴും തണുപ്പിന്റെ സാമ്യം ഉണ്ടാകും.
കല്ലുപാകിയ നടകൾ കടന്നു വേണം മുകളിലെ ക്ഷേത്രത്തിലെത്താൻ. സർവ്വാഭരണ വിഭൂഷിതനായ മഹാവിഷ്ണു തിരുനെല്ലി കാഴ്ചയെ സൗവർണ്ണ ദീപ്തിയുള്ളതാക്കുന്നു.
ബ്രഹ്‌മാവാണ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിന് സമർപ്പിച്ചതെന്നു ഐതിഹ്യം പറയപ്പെടുന്നു. എന്നാൽ ഈ ക്ഷേത്രത്തിനു പിന്നിൽ വളരെ ദീപ്തമായ ഒരു ചരിത്രവുമുണ്ട്. കാസർകോട് ജില്ലയിലെ കുംബ്ല രാജവംശവുമായും കുറുമ്പ്രനാട് രാജവംശവുമായും വയനാട് രാജാക്കന്മാരും ഒക്കെ ആയി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.
കാടുകളിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ മഹാക്ഷേത്രത്തെക്കുറിച്ചും ഇതിന്റെ ചരിത്രത്തെക്കുറിച്ചും
പാപനാശിനി എന്ന അരുവിയിലേക്ക് ഒഴുകിവരുന്ന ജലാശയത്തെക്കുറിച്ചും എഴുതിയാലും എഴുതിയാലും തീരില്ല.
ഈ അമ്പലത്തിന്റെ ചരിത്രം പറയുന്നതിനപ്പുറം എനിക്കിന്നിവിടെ പങ്കുവെക്കാനുള്ളത് അമ്പലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്.
ഈ നാട്ടിൽ ജീവിക്കുന്ന ജനങ്ങളുടെ മനസ്സിനും ശരീരത്തിനും പരസ്പരമുള്ള സൗഹൃദങ്ങൾക്കും കാരണമായ എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹമുള്ള ഒരാളായതുകൊണ്ട് മാത്രമാണ് ഇതെല്ലാം പങ്കുവെക്കുന്നത്.
മനസ്സ് വല്ലാതെ തളരുമ്പോൾ ഞാൻ ഇടയ്ക്ക് പോകുന്ന ഒരു സ്ഥലമാണ് തിരുനെല്ലി അമ്പലവും അതിനു പരിസരങ്ങളും, ഈ കഴിഞ്ഞ ദിവസം പ്രിയപ്പെട്ട ദേവൻജിക്കൊപ്പം വീണ്ടും ഒരു വട്ടം കൂടി പെരുമാളെ കാണാൻ അവസരം കിട്ടി, പടി ചവിട്ടി മുകളിൽ എത്തിയപ്പോൾ അമ്പലത്തിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പല പ്രവർത്തികളും അവിടെ നടന്നുകൊണ്ടിരിക്കുന്നത് കണ്ടു. പല സ്ഥലത്തും പല കൽ തൂണുകളും നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയിട്ടിരിക്കുന്നത് കണ്ടിരുന്നു. മനസ്സിൽ ഒത്തിരി വിഷമമായി, ഈ വേദന പങ്കുവെക്കുന്നതിന് മുമ്പ് തന്നെ പ്രിയപ്പെട്ട ദേവൻ ജി അവിടെയുള്ള ഒരു പൂജാരിയോട് ചോദിച്ചറിഞ്ഞു ‘ഈ കൽമണ്ഡപങ്ങളും പൊളിച്ചു മാറ്റുമോ?’ പുള്ളി പറഞ്ഞ മറുപടി വീണ്ടും വേദനിപ്പിച്ചു. ‘ക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് അവയെല്ലാം പൊളിച്ചുമാറ്റി പുതിയവ പണിയും ‘
ആ അമ്പലത്തിലെ കൽത്തൂണുകളിൽ തൊട്ട് പെരുമാളെ കാണാൻ പോയവർക്ക്, കൽത്തുണുകൾ ഓർമ്മയാകാൻ പോകുന്നു വെന്നത് സഹിക്കുന്നതിനുമപ്പുറമാണ്.
നമ്മുടെ ടെക്‌നോളജി ഒത്തിരി വളർന്നു, എത്രയൊക്കെ സാധ്യതകളുണ്ട് പഴമയെ നിലനിർത്തി അതുപോലെ സംരക്ഷിച്ച് പോരാൻ,ഇവയൊക്കെ സംരക്ഷിക്കാൻ എന്തുകൊണ്ട് പുത്തൻ മാർഗങ്ങൾ സ്വീകരിക്കാതെ സർവ്വതും പൊളിച്ചുമാറ്റി എന്തിന് നമ്മൾ പുതുമയിലേക്ക് പോകുന്നു. പഴയതും പുതിയതും തമ്മിലുള്ള ഒരു ഏറ്റുമുട്ടലായി ഇതിനെ കാണരുത്. ഇത് ഒരു മനോവേദനയിൽ നിന്നുമുണ്ടായ തോന്നലുകളാണ്. വേണമെങ്കിൽ പെരുമാൾ എഴുതിച്ചതായിരിക്കാമെന്നും കരുതാം.
പഴമയുടെ സ്മൃതിയുണർത്തുന്ന ഈയമ്പലങ്ങളെ സംരക്ഷിച്ചു നിലനിർത്താൻ അധികൃതർ മുന്നോട്ടു വരണമെന്ന് അപേക്ഷിക്കുന്നു.പഴമയുടെ തനിമയോടെ അമ്പലത്തിന്റെ നവീകരണം നടത്താൻ കഴിയുമെന്നുള്ള അതിയായ ആഗ്രഹത്തിൽ നിർത്തുന്നു.
സ്‌നേഹത്തോടെ
അഗസ്റ്റിൻ പുൽപ്പള്ളി
Discussion about this post