തിരുവനന്തപുരം: കുടുംബശ്രീ മുഖേന ആരംഭിച്ച കേരള സർക്കാർ സംരംഭമായ കേരള ചിക്കൻ വൻ പരാജയമെന്ന് കണക്കുകൾ. സി എ ജി സംസ്ഥാന സർക്കാരിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലാണ് നഷ്ടത്തിന്റെ കണക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
പദ്ധതി പരാജയമായതോടെ, ഇതിനായി രൂപീകരിച്ച കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡും വൻ നഷ്ടത്തിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി ബ്രീഡർ ഫാമുകളും മാംസ സംസ്കരണ പ്ലാന്റുകളും സ്ഥാപിക്കാൻ 2019ൽ 6 കോടിയും 2020ൽ 10.07 കോടിയും അനുവദിച്ചിരുന്നു. നവകേരള നിർമിതിക്കായുള്ള ലോകബാങ്ക് സഹായമായ റീബിൽഡ് കേരള ഇനിഷ്യേറ്റീവിൽ നിന്നുമാണ് ഈ തുകകൾ അനുവദിച്ചത്. എന്നാൽ കുടുംബശ്രീക്കോ കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിനോ പദ്ധതിക്ക് അനുയോജ്യമായ ഭൂമി പോലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.
സംസ്ഥാന സർക്കാർ സാദ്ധ്യതാ പഠനം പോലും നടത്താതെയാണ് പദ്ധതി രുപീകരിച്ചത്. കമ്പനിയുടെ 2019ലെ നഷ്ടം 2.24 കോടിയും 2021ലെ നഷ്ടം 9.24 കോടി രൂപയുമായിരുന്നു. കോഴി ഒന്നിന് 28.88 രൂപ കണക്കിൽ, പദ്ധതിയുടെ ആകെ നഷ്ടം 16.07 കോടി രൂപയാണെന്നും കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.












