രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാം ആണെന്ന് പഠനം. ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ രാജേഷ് കെ പിലാനിയ നടത്തിയ പഠനത്തിലാണ് മിസോറാം രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമാണെന്ന് പറയുന്നത്. 100 ശതമാനം സാക്ഷരതയുള്ള സംസ്ഥാനമായ മിസോറാമിൽ, ഏറ്റവും ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ പോലും വിദ്യാർത്ഥികൾക്ക് മികച്ച പഠനസൗകര്യം ഒരുക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
കുടുംബ ബന്ധങ്ങൾ, ജോലി സംബന്ധമായ പ്രശ്നങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ, മതം, കൊറോണയ്ക്ക് ശേഷമുള്ള ജീവിതം, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിങ്ങനെ ആറ് വിഭാഗങ്ങളിൽ നടത്തിയ പഠനത്തിനൊടുവിലാണ് മിസോറാമിനെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി തിരഞ്ഞെടുത്തത്. നിരവധി ഉദാഹരങ്ങൾ സഹിതമാണ് പഠന റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
ലിംഗഭേദമില്ലാതെ മിസോറാമിലെ ഓരോ കുട്ടിയും വളരെ നേരത്തെ തന്നെ സ്വയം സമ്പാദിക്കാൻ തുടങ്ങും. ഒരു ജോലിയും ചെറുതല്ലെന്നാണ് ഇവർ വിശ്വസിക്കുന്നത്. 16-17 വയസ്സിൽ തന്നെ ഇവർ സ്വന്തമായി ജോലി കണ്ടെത്തും. ഈ പ്രവണത അവർ വളരെ അധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആൺകുട്ടികളുടേയും പെൺകുട്ടികളുടേയും ഇടയിൽ യാതൊരു തരത്തിലും വിവേചനവും നിലനിൽക്കുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.










