ഭോപ്പാൽ: സർവധർമ പരമ്പരകളും ഇന്ത്യയെ സുരക്ഷിത ഭവനമായി കാണുന്നുവെന്ന് ആർ എസ് എസ് സർസംഘചാലക് ഡോക്ടർ മോഹൻ ഭാഗവത്. ഭാരതം വിശ്വഗുരുവാകാനുള്ള പ്രയാണത്തിലാണെന്നും ഭാവിയുടെ സൂപ്പർ പവർ ആണെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ജബല്പൂരിൽ ആദ്യ ജഗത്ഗുരു രാമചന്ദ്രാചാര്യയുടെ ജയന്തി ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏവരെയും ഒരുമിച്ച് കൊണ്ടുവരാനും എല്ലാവരുടെയും ഉയർച്ചക്ക് വേണ്ടി പ്രവർത്തിക്കാനും കഴിയുന്നത് സനാതന ധർമത്തിന് മാത്രമാണ്. സർവലോകവും ഏകമെന്ന് വിശ്വസിക്കുന്നത് സനാതന ധർമം മാത്രമാണ്. അതുകൊണ്ടാണ് ലോകത്തിലെ എല്ലാ മതവിഭാഗങ്ങളും ഇവിടെ അധിവസിക്കുന്നത്. സനാതന ധർമം എല്ലാവരുടെയും നന്മയെ കാംക്ഷിക്കുന്നു. അദ്ദേഹം പറഞ്ഞു.
നമ്മൾ മാത്രമല്ല, ഈ ലോകം മുഴുവൻ പറയുന്നത് ഇന്ത്യ ലോകത്തിന്റെ സൂപ്പർ പവർ ആകുമെന്നാണ്. ഇതിന് ബലം അനിവാര്യമാണ്. എന്നാൽ ആ ബലം മറ്റുള്ളവർക്ക് ദോഷമായി ഭവിക്കരുത്. ദുർബലരെ സംരക്ഷിക്കുക എന്നത് ബലശാലിയുടെ കർത്തവ്യമായിരിക്കണം. മറ്റുള്ളവരെ കൂടി പരിഗണിക്കുന്നതായിരിക്കണം നമ്മുടെ വികസന നയമെന്നും സർസംഘചാലക് പറഞ്ഞു.
ഒരു മതവും വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ഒരു പ്രബോധനങ്ങളിലും ഭഗവാൻ ജാതി വേർതിരിവിനെ കുറിച്ച് പറയുന്നില്ല. ഇതാണ് നമ്മുടെ ശാസ്ത്രങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post