ലണ്ടൻ: 10 ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ മേശപ്പുറത്തെ ഗണേശ വിഗ്രഹം സൗഭാഗ്യവും അനുഗ്രഹങ്ങളും ചൊരിയുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം തന്റെ വിശ്വാസങ്ങൾ തുറന്നു പറഞ്ഞത്.
എന്റെ മേശപ്പുറത്ത് ഞാൻ ഒരു ഗണേശ വിഗ്രഹം സൂക്ഷിച്ചിരിക്കുന്നു. നമ്മൾ ഒരു പുതിയ സംരംഭം ആരംഭിക്കുമ്പോൾ വിഘ്നങ്ങൾ ഒഴിഞ്ഞ് നന്മ വരാൻ ഗണപതി ഭഗവാനോട് പ്രാർത്ഥിക്കുന്നത് സാധാരണ രീതിയാണ്. പുതിയ ഒരു വ്യവസായം തുടങ്ങുമ്പോഴോ, പുതിയ ഒരു ജോലി തുടങ്ങുമ്പോഴോ ഒക്കെ ഗണപതിയുടെ അനുഗ്രഹം പ്രധാനമാണ്. സുനക് പറഞ്ഞു.
ഞാൻ ആദ്യമായി ചാൻസലർ ആയപ്പോഴും ഗണേശ വിഗ്രഹം ഒപ്പം കൂട്ടിയിരുന്നു. ഇപ്പോൾ പ്രധാനമന്ത്രി ആയപ്പോഴും അത് തുടരുന്നു. ഒരു പുതിയ വീട്ടിൽ താമസം ആരംഭിക്കുമ്പോഴോ പുതിയ ജോലി ആരംഭിക്കുമ്പോഴോ, ഏറെക്കുറേ എല്ലാ ഇന്ത്യൻ കുടുംബംഗങ്ങളും ചെയ്യുന്നതാണ് ഇത്. ഏതൊരു കാര്യത്തിലും നമ്മൾ ആദ്യം ചെയ്യേണ്ടതും ഇത് തന്നെ. ഈ വിഗ്രഹം ഇവിടെ വരാനുള്ള കാരണം ഇതാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി വ്യക്തമാക്കി.
തികഞ്ഞ ഹൈന്ദവ വിശ്വാസം പിന്തുടരുന്ന ഋഷി സുനക് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭഗവത് ഗീതയിൽ തൊട്ടായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ബ്രിട്ടണിലെ ആദ്യ ഹിന്ദു വംശജനായ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷവും വിവിധ സന്ദർഭങ്ങളിൽ അദ്ദേഹം ഭഗവത് ഗീതയെ പരസ്യമായി ആദരിച്ചിരുന്നു. ബ്രിട്ടീഷ് ഔദ്യോഗിക വസതികളിൽ ദീപാവലിക്ക് ആദ്യമായി ദീപം തെളിയിച്ച ചാൻസലർ ആയിരുന്നു ഋഷി സുനക്.
ഭഗവത് ഗീതയാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് മിക്ക വേദികളിലും പരസ്യമായി പ്രഖ്യാപിച്ച ഋഷി സുനക്, ഭാര്യ അക്ഷത മൂർത്തിക്കും മക്കളായ കൃഷ്ണക്കും അനൗഷ്കക്കുമൊപ്പം പതിവായി ക്ഷേത്രദർശനങ്ങൾ നടത്താറുണ്ട്. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് നിമിഷങ്ങൾക്കകം അദ്ദേഹം സിഖ് വംശജർക്ക് പഞ്ചാബി ഭാഷയിൽ വൈശാഖി ആശംസകൾ നേർന്നിരുന്നു.












