ന്യൂഡൽഹി : ഏപ്രിൽ 24, 25 ദിവസങ്ങളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രാ ഷെഡ്യൂളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 36 മണിക്കൂറിൽ മദ്ധ്യപ്രദേശിലും കേരളത്തിലുമുൾപ്പെടെ 5300 കിലോമീറ്ററാണ് അദ്ദേഹം യാത്ര ചെയ്യേണ്ടത്. പ്രധാനമന്ത്രി ആദ്യം മധ്യപ്രദേശിലേക്കും പിന്നീട് കേരളത്തിലേക്കും പോകും, തുടർന്ന് കേന്ദ്രഭരണ പ്രദേശമായ ദമാനിലേക്ക് യാത്ര തിരിക്കും.
ഏപ്രിൽ 24 ന് രാവിലെ പ്രധാനമന്ത്രിയുടെ യാത്ര ആരംഭിക്കും. ഡൽഹിയിൽ നിന്ന് 500 കിലോമീറ്റർ ദൂരം സഞ്ചരിച്ച് ഖജുരാഹോയിലേക്ക് പോകുന്ന അദ്ദേഹം രേവയിലേക്കെത്തി ദേശീയ പഞ്ചായത്തിരാജ് ദിന പരിപാടിയിൽ പങ്കെടുക്കും. അതിനുശേഷം, ഏകദേശം 280 കിലോമീറ്റർ ദൂരം താണ്ടി അദ്ദേഹം ഖജുരാഹോയിലേക്ക് മടങ്ങും. യുവം കോൺക്ലേവിൽ പങ്കെടുക്കുന്നതിനായി ഖജുരാഹോയിൽ നിന്ന് 1700 കിലോമീറ്റർ ദൂരം താണ്ടി അദ്ദേഹം കൊച്ചിയിലെത്തും.
കൊച്ചിയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുത്ത ശേഷം അടുത്ത ദിവസം രാവിലെ പ്രധാനമന്ത്രി 190 കിലോമീറ്റർ സഞ്ചരിച്ച് തിരുവനന്തപുരത്തെത്തും. അവിടെ വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യുകയും വിവിധ പദ്ധതികളുടെ തറക്കല്ലിടൽ നിർവഹിക്കുകയും ചെയ്യും.
കേരളത്തിൽ നിന്ന് അദ്ദേഹം സൂറത്ത് വഴി സിൽവാസയിലേക്ക് 1570 കിലോമീറ്റർ സഞ്ചരിച്ചെത്തും. അവിടെ അദ്ദേഹം നമോ മെഡിക്കൽ കോളേജ് സന്ദർശിക്കുകയും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും. ഇതിനുശേഷം, ദേവ്ക സീഫ്രണ്ടിന്റെ ഉദ്ഘാടനത്തിനായി ദാമനിലേക്ക് പോകുകയും തിരിച്ച് സൂറത്തിലെത്തുകയും ചെയ്യും. ഏകദേശം 110 കിലോമീറ്ററാണ് അദ്ദേഹം സഞ്ചരിക്കുക. തുടർന്ന് സൂറത്തിൽ നിന്ന് 940 കിലോമീറ്റർ യാത്ര ചെയ്ത് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.
അതായത് 36 മണിക്കൂറിൽ പ്രധാനമന്ത്രി ഏകദേശം 5300 കിലോമീറ്റർ ദൂരം ആകാശമാർഗം സഞ്ചരിക്കും.
Discussion about this post