തിരുവനന്തപുരം: എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് ഔദ്യോഗിക വസതി ഒഴിയേണ്ടി വന്ന വയനാട് മുൻ എം പി രാഹുൽ ഗാന്ധിക്ക് സ്വന്തം വീട് വാഗ്ദാനം ചെയ്ത് കോൺഗ്രസ് എം പി ടി എൻ പ്രതാപൻ. സ്നേഹത്തിൻ്റെ പെട്ടിക്കട തുടങ്ങിയതിൻ്റെ പേരിൽ രാഹുലിനെ വീട്ടിൽ നിന്നിറക്കി വിട്ടു. എൻ്റെ വീട് രാഹുലിൻ്റെയാണ് എന്നാണ് വികാരനിർഭരമായ ഫേസ്ബുക്ക് കുറിപ്പിൽ പ്രതാപൻ വാഗ്ദാനം ചെയ്യുന്നത്.
അലഹബാദിലെ ആനന്ദ ഭവനും, സ്വരാജ്യ ഭവനും മോത്തിലാൽ നെഹ്‌റു പണികഴിപ്പിച്ചതാണ്. ഇന്നത് സർക്കാർ സ്വത്താണ്. കുടുംബവീട് അവർ രാജ്യത്തിന് നൽകി. ജവഹർലാൽ തന്റെ സ്വത്തിൽ നിന്ന് പൊതുഖനജനവിലേക്ക് 192 കോടി രൂപ സംഭാവനയായി നൽകി. തന്റെ കൈയിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ മുഴുവൻ ഇന്ദിരാ ഗാന്ധി ഇന്ത്യൻ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് സംഭാവന നൽകി. ഇന്ദിരയും രാജീവും ഈ മണ്ണിന് വേണ്ടി അവരുടെ ജീവനും രക്തവും നൽകിയെന്നും പ്രതാപൻ പറയുന്നു
സത്യം പറയുന്നതിന്റെ പേരിൽ, അഴിമതിക്കാരുടെ പൊയ്മുഖങ്ങൾ തുറന്നികാട്ടുന്നതിന്റെ പേരിൽ, വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിൻ്റെ പെട്ടിക്കട തുടങ്ങിയതിൻ്റെ പേരിലാണ് രാഹുൽ ഗാന്ധിയെ ഔദ്യോഗിക വസതിയിൽ നിന്നും ഇറക്കി വിട്ടതെന്നാണ് ടി എൻ പ്രതാപൻ ആരോപിക്കുന്നത്. തുഗ്ലക് ലൈനിലെ തന്റെ ഔദ്യോഗിക വസതിയിൽ നിന്ന് രാഹുൽ താമസം ഒഴിഞ്ഞു. ഈ രാജ്യത്തിന് വേണ്ടി എല്ലാം ത്യജിച്ച ഒരു കുടുംബത്തിന്റെ പുതുതലമുറ ഇന്ന് രാജ്യത്തിന് വേണ്ടി തെരുവിലാണെന്നും പ്രതാപൻ കുറിക്കുന്നു.
പിന്നാക്ക വിഭാഗത്തെ അപമാനിച്ചതിന്റെ പേരിൽ കോടതി ശിക്ഷിച്ചതോടെയാണ് രാഹുൽ ഗാന്ധിക്ക് എം പി സ്ഥാനം നഷ്ടമായത്. തുടർന്ന് ഔദ്യോഗിക വസതി ഒഴിയാൻ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു. ഏപ്രിൽ 22നുള്ളിൽ വസതി ഒഴിയണം എന്ന നിർദേശത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം രാഹുൽ വസതി ഒഴിഞ്ഞത്.








