ഛണ്ഡീഗഡ്: ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിനെ പിടികൂടാൻ നടത്തിയ നിർണായക നീക്കങ്ങൾ വിവരിച്ച് പഞ്ചാബ് പോലീസ്. അമൃത്പാലിനെ അസമിലേക്ക് മാറ്റിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു പഞ്ചാബ് ഇൻസ്‌പെക്ടർ ജനറൽ സുഖ്ചയിൻ സിംഗ് ഗില്ലിന്റെ പ്രതികരണം. അസമിലെ ദിബ്രുഗഡിലാണ് നിലവിൽ അമൃത്പാൽ ഉള്ളത്.
അമൃത്‌സർ പോലീസും പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് വിംഗുമാണ് അമൃത്പാലിനെ പിടികൂടാൻ നടത്തിയ ഓപ്പറേഷനിൽ പങ്കുകൊണ്ടത്. മോഗയിലെ വില്ലേജ് റോഡിൽ അമൃത്പാൽ ഉള്ളതായി രഹസ്യവിവരം ലഭിച്ചതിന് തൊട്ട് പിന്നാലെ തന്നെ അന്വേഷണ സംഘം സ്ഥലത്ത് എത്തി. അമൃത്പാലിന് രക്ഷപ്പെടാനുള്ള പഴുതുകൾ അടയ്ക്കുകയായിരുന്നു ആദ്യ പടി. ഇതിന്റെ ഭാഗമായി സ്ഥലം പോലീസ് വളഞ്ഞു. ഇവിടുത്തെ ഗുരുദ്വാരയ്ക്കുള്ളിലായിരുന്നു അമൃത്പാൽ. പോലീസുകാർ ആരും തന്നെ ഇതിനുള്ളിലേക്ക് കടന്നില്ല.
പുറത്ത് നിന്നും അമൃത്പാലിനോട് തങ്ങൾ കീഴടങ്ങാൻ ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് കണ്ടതോടെ അമൃത്പാൽ കീഴടങ്ങുകയായിരുന്നു. തുടർന്ന് വിലങ്ങണിയിച്ച് വാഹനത്തിൽ കയറ്റി. വൻ സുരക്ഷയിലാണ് അമൃത്പാലിനെ വാഹനത്തിൽ കൊണ്ടുവന്നത് എന്നും സുഖ്ചയിൻ സിംഗ് പറഞ്ഞു.
രക്ഷപ്പെടാനുള്ള സാദ്ധ്യതയും സുരക്ഷയും കണക്കിലെടുത്താണ് അസമിലേക്ക് അമൃത്പാൽ സിംഗിനെ മാറ്റിയത്. അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയിട്ടുണ്ട്.








