എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം. തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് നഗരത്തിൽ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ കളക്ടർ ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
തിങ്കൾ (24.04.2023) ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ , വൈറ്റില വഴിയും ഇടക്കൊച്ചി, അരൂർ വഴിയും ചഒ ൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണെന്ന് കളക്ടർ പുറത്തുവിട്ട നിർദ്ദേശത്തിൽ പറയുന്നു. ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 മണി വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ ബിഒടി (BOT ) ഈസ്റ്റിൽ നിന്നും തിരിഞ്ഞ് തേവര ഫെറി വഴി കുണ്ടന്നൂർ, വൈറ്റില വഴി പോകേണ്ടതാണ്.തേവര ഫെറി ഭാഗത്ത് നിന്ന് തേവരയ്ക്കും തിരിച്ചും ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
എറണാകുളത്ത് നിന്നും പശ്ചിമകൊച്ചിക്ക് പോകുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ, അരൂർ വഴി പോകേണ്ടതാണ്. പള്ളിമുക്ക് ഭാഗത്ത് നിന്നു തേവര ഭാഗത്തേക്ക് ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ പള്ളിമുക്കിൽ നിന്നും തിരിഞ്ഞ് കടവന്ത്ര വഴി വൈറ്റിലയ്ക്ക് പോകേണ്ടതാണ്. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബിറ്റി എച്ച് ൽ നിന്ന് തിരിഞ്ഞ് ജോസ് ജംഗ്ഷൻ വഴി പോകേണ്ടതാണ് . എറണാകുളം ഭാഗത്ത് നിന്നു പശ്ചിമകൊച്ചിയിലേക്ക് പോകുന്ന സർവ്വീസ് ബസുകൾ പള്ളിമുക്കിൽ നിന്നും തിരിഞ്ഞ് കടവന്ത്ര, വൈറ്റില, കുണ്ടന്നൂർ, അരൂർ വഴി പോകേണ്ടതാണെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
ചൊവ്വ (25.04.2023 ) രാവിലെ 8 മുതൽ 10.30 വരെ തേവര ഭാഗത്ത് നിന്നും പശ്ചിമ കൊച്ചി ഐലൻഡ് ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ തേവര ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് തേവര ഭാഗത്തേക്ക് പോകേണ്ടതാണ്.പശ്ചിമ കൊച്ചി ഭാഗത്തുനിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വാഹനങ്ങൾ ബിഒടി(BOT) ഈസ്റ്റിൽ നിന്നും തിരിഞ്ഞ് തേവര ഫെറി ഭാഗത്തേക്ക് പോകേണ്ടതാണ്. തൃശ്ശൂർ ഭാഗത്ത് നിന്നും സമ്മേളനത്തിന് വരുന്ന വാഹനങ്ങൾ കടവന്ത്ര ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം എറണാകുളത്തപ്പൻ ഗ്രൗണ്ട്, കണ്ടെയ്‌നർ റോഡ്, കടവന്ത്ര മാവേലി റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.
ആലപ്പുഴ,കോട്ടയം, ഇടുക്കി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ തേവര ഫെറി ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം തേവര ഫെറി ബോട്ട് ഈസ്റ്റർ റോഡിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെൻറ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും, ഇന്ദിരാഗാന്ധി റോഡിലും പാർക്ക് ചെയ്യേണ്ടതാണെന്നും നിർദ്ദേശത്തിലുണ്ട്. നിർമ്മാണം പൂർത്തിയായ കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനത്തിനും മറ്റ് പരിപാടികളിൽ പങ്കെടുക്കുന്നതിനുമാണ് പ്രധാനമന്ത്രി കൊച്ചിയിൽ എത്തുന്നത്.
Discussion about this post