ഡെറാഡൂൺ: സ്‌കൂളിൽ ഇസ്ലാമിക നിയമങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ച പ്രിൻസിപ്പാളിനെതിരെ നടപടി സ്വീകരിച്ച് സ്‌കൂൾ മാനേജ്‌മെന്റ്. ഡെറാഡൂണിലെ സ്വകാര്യ സ്‌കൂളിലെ പ്രിൻസിപ്പാളായ അസർ സുൽത്താനെതിരെയാണ് രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് നടപടി സ്വീകരിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ ഹിന്ദു സംഘടനകളുടെയും വിശ്വാസികളുടെയും പ്രതിഷേധം തുടരുകയാണ്.
ഈദ് ദിനത്തിൽ എല്ലാ വിദ്യാർത്ഥികളോടും വെള്ള വസ്ത്രവും തൊപ്പിയും വച്ച് സ്‌കൂളിലേക്ക് വരാൻ അസർ സുൽത്താൻ നിർദ്ദേശിച്ചിരുന്നു. ഇതോടെയാണ് കുട്ടികളിൽ ഇസ്ലാമിക രീതികൾ അടിച്ചേൽപ്പിക്കാൻ പ്രിൻസിപ്പാൾ ശ്രമിക്കുന്ന കാര്യം പുറത്തുവന്നത്. അന്നേ ദിവസം വെളുത്ത വസ്ത്രവും തൊപ്പിയും ധരിച്ച് എത്തണമെന്നും, പ്രാർത്ഥനയിൽ പങ്കെടുക്കണമെന്നുമായിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയിരുന്ന നിർദ്ദേശം. അല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അസർ സുൽത്താൻ അറിയിച്ചിരുന്നു. ഇത് കേട്ട കുട്ടികൾ രക്ഷിതാക്കളോട് വെളുത്ത തൊപ്പിയും വസ്ത്രവും വേണമെന്ന് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സ്‌കൂളിൽ ഇസ്ലാമിക രീതികൾ പിന്തുടരാൻ വിദ്യാർത്ഥികളെ അസർ സുൽത്താൻ നിർബന്ധിച്ചിരുന്നുവെന്നാണ് രക്ഷിതാക്കൾ പറയുന്നത്.
ഇക്കാര്യം രക്ഷിതാക്കൾ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും സംഭവത്തിൽ പരാതി നൽകുകയും ചെയ്തു. ഇതേ തുടർന്ന് മാനേജ്‌മെന്റും ഇയാളെ രഹസ്യമായി നിരീക്ഷിക്കാൻ ആരംഭിച്ചു. ഇതിൽ പരാതി സത്യമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.











