ന്യൂഡൽഹി : നാളെ കേരളത്തിൽ എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ താൻ ആകാംക്ഷാഭരിതനാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടക്കുന്ന യുവം 2023 മെഗാ യൂത്ത് കോൺക്ലേവിൽ കേരളത്തിലെ യുവജനങ്ങളുമായി സംവദിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
”കേരളത്തിലെ യുവജനങ്ങൾ അവരുടെ അസാമാന്യമായ കഴിവിനും തീക്ഷ്ണതയ്ക്കും പേരുകേട്ടവരാണ്. നാളെ, ഏപ്രിൽ 24 ന് വൈകുന്നേരം, കൊച്ചിയിൽ നടക്കുന്ന യുവം 2023 മെഗാ യൂത്ത് കോൺക്ലേവിൽ കേരളത്തിലെ യുവജനങ്ങളുമായി ഞാൻ സംവദിക്കും” അദ്ദേഹം കുറിച്ചു.
”ഏപ്രിൽ 25ന് തിരുവനന്തപുരത്തെ ജനങ്ങളുടെ ഇടയിലേക്കെത്തുന്നതിൽ ആകാംഷാഭരിതനാണ്. തിരുവനന്തപുരത്തിനും കാസർഗോഡിനും ഇടയിൽ ഓടുന്ന കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യും. കേരളത്തിലെ 11 ജില്ലകൾ ഇതിൽ ഉൾപ്പെടും. ഇത് ടൂറിസത്തിനും വാണിജ്യത്തിനും ഏറെ ഗുണം ചെയ്യും.”
”തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയിൽ തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് തറക്കല്ലിടും. ഒരു ഡിജിറ്റൽ സയൻസ് പാർക്കിനും തറക്കല്ലിടും, അത് ഈ ഊർജ്ജസ്വലമായ നഗരത്തിന് ഒരു മികച്ച കൂട്ടിച്ചേർക്കലായിരിക്കും” പ്രധാനമന്ത്രി കുറിച്ചു.
ഏപ്രിൽ 24 നും 25 നും, മദ്ധ്യപ്രദേശ്, കേരളം, ദാദ്ര ആൻഡ് നഗർ ഹവേലി, ദമാൻ ആൻഡ് ദിയു എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. 25,000 കോടിയുടെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം നടത്തുകയും തറക്കല്ലിടുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post