ലഖ്‌നൗ: ഗുണ്ടാത്തലവന്മാരായ അതീഖ് അഹമ്മദിനേയും സഹോദരൻ ഖാലിദ് അസീമിനേയും വെടിവച്ച് കൊലപ്പെടുത്തുന്നതിന് മുൻപ് മൂന്ന് പ്രതികളും ലഖ്‌നൗവിൽ എത്തിയിരുന്നതായി അന്വേഷണ സംഘം. ബസിലാണ് പ്രതികൾ പിന്നീട് പ്രയാഗ് രാജിലേക്ക് എത്തുന്നത്. എന്നാൽ പ്രതികൾ എന്തിനാണ് ലഖ്‌നൗവിൽ എത്തിയത് എന്നുള്ള കാര്യം അന്വേഷണ സംഘത്തോട് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
13ാം തിയതി പ്രയാഗ്രാജ് ബസ് സ്റ്റാൻഡിൽ എത്തിയ ശേഷം മൂന്ന് പേരും ഖുൽദാബാദ് പോലീസ് സ്റ്റേഷന് സമീപമുള്ള ഒരു ഹോട്ടലിൽ മുറിയെടുത്ത് ടിവി കാണുകയും പോലീസ് കസ്റ്റഡിയിലുള്ള അതിഖിന്റെ നീക്കങ്ങളെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇവിടെ ആരെങ്കിലും പ്രതികൾക്ക് സഹായം ചെയ്ത് നൽകിയോ എന്നറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൊലപാതകത്തിന് ഒരു ദിവസം മുമ്പ് 14ാം തിയതി മൂന്ന് പേരും അതീഖിനെ വൈദ്യ പരിശോധനയ്ക്ക് എത്തിക്കുന്ന ആശുപത്രിയിലെത്തിയിരുന്നു. ഇവിടെ നിരീക്ഷണം നടത്തിയതിന് ശേഷമാണ് ഇവർ ഹോട്ടലിലേക്ക് മടങ്ങിപ്പോകുന്നത്.
ആർക്കും സംശയം തോന്നാതിരിക്കാൻ വെവ്വേറേ വാഹനങ്ങളിലാണ് ഇവർ ആശുപത്രിയിലെത്തിയതും, തിരികെ പോയതും. പ്രതികളുടെ ഈ മൊഴി പരിശോധിക്കാൻ ആശുപത്രികളിലേത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. 15ാം തിയതി രാത്രിയാണ് ആതിഖിനേയും അഷ്റഫിനേയും അക്രമികൾ വെടിവെച്ച് കൊന്നത്.
Discussion about this post