ദുബായ്: ഇന്ത്യയിലേക്ക് വിദേശനിക്ഷേപവും വ്യക്തിഗത നിക്ഷേപങ്ങളും കൂടുതലായി ആകര്‍ഷിക്കാനായി നിലവിലുള്ള നിയമങ്ങള്‍ പലതും ഇന്ത്യ പരിഷ്‌കരിച്ചുവരികയാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ദുബായില്‍ പ്രഥമ ഇന്ത്യ-യു.എ.ഇ. സാമ്പത്തിക ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജെയ്റ്റ്‌ലി.
നാല്‍പ്പതുവര്‍ഷം കൊണ്ട് ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധം വളരെ ദൃഢപ്പെട്ടുവെന്നും അത് ഇനിയും പുതിയ ഉയരങ്ങളിലെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കഴിഞ്ഞ യു.എ.ഇ. പര്യടനം ഇതിന് വലിയ പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തികരംഗം പ്രധാനമായും മൂന്നുവെല്ലുവിളികളാണ് നേരിടുന്നത്. ലോകസാമ്പത്തിക രംഗത്തെക്കുറിച്ചുള്ള എല്ലാ പ്രവചനങ്ങളും പ്രതികൂലമായ കാര്യങ്ങളാണ് പറയുന്നത്. ലോകവിപണിയില്‍ പ്രകടമാവുന്ന ഈ തളര്‍ച്ചയുടെ പ്രത്യാഘാതം ഇന്ത്യയുടെ സാമ്പത്തികസ്ഥിതിക്കും വെല്ലുവിളി ഉയര്‍ത്തുന്നു എന്നതാണ് ഇതില്‍ ഒന്നാമത്തേത്.
ഇന്ത്യയുടെ ജനസംഖ്യയില്‍ 55 ശതമാനം ഇപ്പോഴും കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. മഴയെക്കുറിച്ചുള്ള അനിശ്ചിതത്വം കാര്‍ഷികമേഖലയിലുള്ളവരുടെ ക്രയവിക്രയശേഷി ഗണ്യമായി കുറച്ചിട്ടുണ്ട്. ഇന്ത്യയിലെ പൊതുമേഖലയുടെ നിക്ഷേപം 30 ശതമാനവും വിദേശനിക്ഷേപം 40 ശതമാനവും കണ്ട് വളര്‍ച്ച നേടിയിട്ടുണ്ട്. എന്നാല്‍, സ്വകാര്യനിക്ഷേപത്തിലെ വളര്‍ച്ച ഇപ്പോഴും സാവധാനത്തിലാണ്.
ഈ വെല്ലുവിളികള്‍ നേരിടാനായി ഇന്ത്യ വലിയതോതിലുള്ള നിയമപരിഷ്‌കരണങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. നിക്ഷേപങ്ങള്‍ക്ക് സ്ഥിരത ഉറപ്പാക്കാനും തീരുമാനങ്ങള്‍ പെട്ടെന്ന് എടുപ്പിക്കാനും ആ തീരുമാനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയും വിശ്വാസ്യതയും ഉണ്ടാക്കാനും ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ഇന്ത്യന്‍ വാണിജ്യരംഗത്തിന് ഇത് പുതിയ ഉണര്‍വ് നല്‍കിയിട്ടുണ്ടെന്നും ജെയ്റ്റ്‌ലി വിശദീകരിച്ചു.
ഹോട്ടല്‍ ബുര്‍ജ് അല്‍ അറബില്‍ ആരംഭിച്ച സമ്മേളനത്തില്‍ നിരവധി ഇന്ത്യന്‍ പ്രവാസിവ്യവസായികളും സംബന്ധിച്ചു. യു.എ.ഇ. സാമ്പത്തികകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി അഹ്മദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ഷെഹി, ഫിക്കി പ്രസിഡന്റ് ഡോ. ജ്യോത്സന സുരി, ഫുജൈറ ഫ്രീസോണ്‍ സി.ഇ.ഒ. ഷരീഫ് അല്‍ അല്‍വാദി തുടങ്ങിയവരും പ്രസംഗിച്ചു.
Discussion about this post