ന്യൂഡൽഹി: ശത്രുക്കൾക്കെതിരെ ആയുധക്കരുത്ത് ഉയർത്താൻ നാവിക സേനയും. പ്രതിരോധം ശക്തിപ്പെടുത്താൻ അമേരിക്കയുടെ ഹാർപൂൺ മിസൈലും, റഷ്യയുടെ ക്ലബ് ( കാലിബർ) മിസൈലും സ്വന്തമാക്കാനാണ് തീരുമാനം. ഇതിനായുള്ള ശുപാർശ നാവിക സേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കൈമാറി.
റഷ്യയിൽ നിന്നും അമേരിക്കയിൽ നിന്നും 20 വീതം മിസൈലുകൾ വാങ്ങാനാണ് നാവിക സേനയുടെ തീരുമാനം. ഇതിനായി 1400 കോടി രൂപയുടെ നിർദ്ദേശമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇത് കേന്ദ്രത്തിന്റെ പരിഗണനയിലാണ്. അധികം വൈകാതെ തന്നെ മിസൈലുകൾ വാങ്ങുന്നതിനുള്ള അനുമതി കേന്ദ്രം നൽകുമെന്നാണ് റിപ്പോർട്ടുകൾ.
ഉയർന്ന പ്രഹര ശേഷിയുള്ള കപ്പൽ വേധാ മിസൈലുകളാണ് ഹാർപൂണും, ക്ലബും. എല്ലാ കാലാവസ്ഥയിലും ഈ മിസൈലുകൾ ശത്രുക്കൾക്ക് നേരെ പ്രയോഗിക്കാം. ഹാർപൂൺ മിസൈലുകൾക്കൊപ്പം ഹാർപൂൺ ജോയിന്റ് കോമ്മൺ ടെസ്റ്റ് സെറ്റ്, മെയിന്റനൻസ് സ്‌റ്റേഷൻ, സ്‌പെയർ, റിപ്പയർ പാർട്‌സ്, സപ്പോർട്ട് ആന്റ് ടെസ്റ്റ് എക്യുപ്‌മെന്റ് എന്നിവയും ഇന്ത്യ സ്വന്തമാക്കും.
യുദ്ധ കപ്പലിലും അന്തർവാഹിനികളിലും ഒരുപോലെ ഉപയോഗിക്കാമെന്ന സവിശേഷത ക്ലബ് മിസൈലുകൾ വേറിട്ടതാക്കുന്നു. നിലവിൽ ഈ മിസൈലുകൾ ഇന്ത്യ ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമേയാണ് കൂടുതൽ മിസൈലുകൾ നാവിക സേന വാങ്ങുന്നത്. വെല്ലുവിളികൾ ഏറെയുള്ള ഇന്തോ- പസഫിക് മേഖലയിലായിരിക്കും ഈ മിസൈലുകൾ വിന്യസിക്കുകയെന്നാണ് സൂചന.
Discussion about this post