കൊൽക്കത്ത: ഹിന്ദി നടൻ നവാസുദ്ദീൻ സിദ്ദിഖിയ്ക്കും പ്രമുഖ സോഫ്റ്റ് ഡ്രിങ്ക് ബ്രാൻഡായ കൊക്കോ കോളയ്ക്കുമെതിരെ കൊൽക്കത്ത പോലീസിൽ പരാതി. പരസ്യത്തിലൂടെ ബംഗാളി സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സിദ്ദിഖിയ്ക്കും കൊക്കോ കോള സിഇഒയ്ക്കുമെതിരെ പരാതി നൽകിയിരിക്കുന്നത്. അതേസമയം പരാതിയ്ക്ക് പിന്നാലെ വിവാദമായ പരസ്യം കൊക്ക കോളോ പിൻവലിച്ചു.
സ്‌പ്രൈറ്റിന് വേണ്ടി നിർമ്മിച്ച പരസ്യമാണ് വിവാദമായത്. പരസ്യത്തിന്റെ ബംഗാളി പതിപ്പിൽ ബംഗാളികൾക്കൊന്നും എളുപ്പത്തിൽ ലഭിക്കില്ലെന്നും, ഇവർ വിശന്ന് കുറേ കാലം കിടക്കേണ്ടിവരുമെന്നും പറയുന്നുണ്ട്. ഇതാണ് വിവാദത്തിലേക്ക് വഴിവച്ചത്. നവാസുദ്ദീൻ സിദ്ദിഖി ഈ സംഭാഷണം പറഞ്ഞ് ഉറക്കെ ചിരിക്കുന്നതായി പരസ്യത്തിൽ കാണാം.
ഈ പരാമർശവും സന്ദർഭവും ബംഗാളിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്ന് കൊൽക്കത്ത ഹൈക്കോടതി അഭിഭാഷകൻ ദിബ്യയാൻ ബാനർജിയാണ് പരാതി നൽകിയത്. ഈ പരസ്യവാചകം ബംഗാളിൽ ഉപയോഗിക്കുന്ന ഒരു പ്രസിദ്ധമായ പഴമൊഴിയാണ്. എന്നാൽ ഇത് പരസ്യത്തിൽ ഉപയോഗിച്ചതിലൂടെ ബംഗാളി സമൂഹത്തെ അപമാനിക്കുകയാണ് കമ്പനിയും നടനും ചേർന്ന് ചെയ്തിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഇതേ പരസ്യത്തിന്റെ ഹിന്ദി പതിപ്പിൽ യാതൊരു പ്രശ്‌നവുമില്ല. എന്നാൽ ബംഗാളിയിലേക്ക് മൊഴി മാറ്റിയപ്പോൾ ഇത്തരമൊരു പ്രയോഗം ഉപയോഗിക്കാൻ പാടില്ലായിരുന്നു. സംഭവത്തിൽ ഐടി ആക്ടിലെ 66എ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ എന്നീ വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അതേസമയം പരാതിയ്ക്ക് പിന്നാലെ മാപ്പ് പറഞ്ഞ് സ്‌പ്രൈറ്റ് ഇന്ത്യ രംഗത്ത് എത്തിയിട്ടുണ്ട്. തങ്ങളുടെ പരസ്യം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നു. പരസ്യം മാദ്ധ്യമങ്ങളിൽ നിന്നും പിൻവലിച്ചിട്ടുണ്ട്. ബംഗാളി സമൂഹത്തെ എല്ലായ്‌പ്പോഴും ബഹുമാനിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.










