കോഴിക്കോട്: നടൻ മാമുക്കോയയുടെ മരണത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും തന്റെത് മാത്രമായ ശൈലിയിലൂടെ മലയാളിയുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ മാമുക്കോയയുടെ വേർപാട് നികത്താനാവാത്ത നഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
സിനിമയുടെ വെള്ളി വെളിച്ചത്തിനപ്പുറം സാധാരണക്കാരനായ കോഴിക്കോട്ടുകാരനും സാംസ്‌കാരിക സാമൂഹിക പ്രവർത്തകനുമായി അദ്ദേഹം പൊതു ഇടങ്ങളിൽ നിറഞ്ഞു നിന്നു. നാടകത്തിലൂടെ അഭിനയ ലോകത്തെത്തിയ മാമുക്കോയ സിനിമയിലെ സ്വാഭാവിക ഹാസ്യത്തിലൂടെ മലയാളിയുടെ മനസിൽ ഇടം നേടി. 400ൽ അധികം സിനിമയിൽ വേഷമിട്ട അദ്ദേഹം കരുത്തുറ്റ കഥാപാത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
മലയാളത്തിന്റെ കലാ സാംസ്‌കാരിക മേഖലയ്ക്ക് വലിയ ശൂന്യതയാണ് മാമുക്കോയയുടെ നിര്യാണത്തിലൂടെ ഉണ്ടാവുന്നത്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായി കെ. സുരേന്ദ്രൻ പറഞ്ഞു












